ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി
1 min read

ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻപോളി എത്തുന്നത്. ഇപ്പോൾ ഇതാ സാറ്റർഡേ നൈറ്റിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ചയ്ക്ക് ശേഷമായിരിക്കും സാറ്റർഡേ നൈറ്റ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തീയേറ്റർ ഉടമകളുമായി നിർമ്മാണ കമ്പനി സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

അതുപോലെതന്നെ മലയാള പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ‘മോൺസ്റ്ററും’ മമ്മൂട്ടി ചിത്രമായ ‘റോഷാക്കും’ ഈ മാസം റിലീസ് ചെയ്യില്ല എന്ന് അറിയിച്ചിരുന്നു. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് മമ്മൂട്ടിയെ നായകനാക്കി റോഷാക് സംവിധാനം ചെയ്യുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒക്ടോബർ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മോൺസ്റ്ററും റോഷാക്കും മാറ്റിവെച്ചതിന് പിന്നാലെയാണ് നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റും മാറ്റിവച്ചിരിക്കുന്നത്. എന്നാൽ സുരേഷ് ഗോപി നായകനായി എത്തുന്ന ‘മേം ഹൂം മൂസ’ എന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും. സെപ്റ്റംബർ 30 നായിരിക്കും മേം ഹൂം മൂസ തിയറ്ററുകളിൽ എത്തുന്നത്.

അതുപോലെതന്നെ സെപ്റ്റംബർ 30 – നാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതൊരു എപ്പിക്ക് ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരനിരയുമായിട്ടാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എത്തുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, ജയറാം, ശോഭിത ധൂധിപാല, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ നീളുന്ന താരനിരയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. ഈ ബ്രഹ്മാണ്ഡ ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കും എന്നാണ് കണക്ക് കൂട്ടലുകൾ. അതേസമയം പൊന്നിയിൻ സെൽവൻ, മേം ഹൂം മൂസ എന്നീ ചിത്രങ്ങളെ കൂടാതെ ധനുഷിന്റെ ‘നാനെ വരുവേൻ’ എന്ന ചിത്രവും ഈ മാസം റിലീസ് ചെയ്യും.