മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..
നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമാലോകത്തേയ്ക്ക് കടന്നുവരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും കോമഡി വേഷങ്ങളും തുടങ്ങി അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ല. കൂൾ ഡാഡിയായി പല സിനിമകളിലും പ്രത്യക്ഷപ്പെട്ട ലാലു അലക്സ് ഇതിനോടകം 100-ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സിനിമ കണ്ട് പുറത്തിയാലും അതിലെ കഥാപാത്രത്തെയും അത് അവതരിപ്പിച്ച ആളെയും പ്രേക്ഷകർ ഓർക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലാലു അലക്സ് ആണ് ആ കുറിപ്പിലെ നായകൻ. മലയാള സിനിമയിൽ മുൻ നിരയിൽ നിൽക്കേ ഇടക്ക് വെച്ചെങ്ങോ പോയ് മറഞ്ഞത് ആയിരുന്നു ലാലു അലക്സ്. പക്ഷെ അവിടെ നിന്ന് അദ്ദേഹം ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നന്നായി എൻജോയ് ചെയ്യാൻ കഴിയുന്ന പഴയ ആ ലാലു അലക്സ് വൈബ് നൽകുന്ന കുറച്ചു കഥാപാത്രങ്ങളുമായുള്ള ഒരു ഗംഭീര തിരിച്ചു വരവ്. ആദ്യം ഡ്രൈവിങ് ലൈസൻസിലെ പ്രൊഡ്യൂസർ ആയി, പിന്നെ ബ്രോ ഡാഡിയിൽ ഷോ സ്റ്റീലർ എന്ന് പറയൻ കഴിയുന്ന ലെവൽ വേഷവുമായി എത്തി. ഇന്നിതാ മഹാ വീര്യർ കണ്ടു കഴിയുമ്പോ നിവിനും ആസിഫ് അലിയുമോക്കെ ഉണ്ടായിട്ടും അവർക്കെല്ലാം ഒരുപടി മുകളിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനം ആണ്.
അഭിനയിച്ചു മല മറിക്കുക എന്ന് പറയുന്ന പോലുള്ള കഥാപാത്രമല്ലെങ്കിലും, ഉള്ളതൊക്കെയും സീരിയസ് ഡയലോഗുകളുമാണെങ്കിലും മറ്റുള്ളവർ പറയുന്ന ഡയലോഗിന് അനുസരിച്ച് അദ്ദേഹം ഇടുന്ന ചില ഭാവങ്ങൾ ചില നേരത്തു അറിയാതെ ചിരിച്ചു പോകുന്നതാണ്. ഈ സിനിമയുടെ ഒ. ടി. ടി റിലീസിനു ശേഷം ട്രോൾ മീമ് ഭരിക്കാൻ പോകുന്നത് ഈ കഥാപാത്രം ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരു നടനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ 4 പേജ് ഡയലോഗ് ഒന്നും വേണ്ട കേവലം നിമിഷങ്ങൾ മതി എന്ന് പറയുന്നതിന് ഉദാഹരണം ആക്കാൻ കഴിയുന്ന പ്രകടനമാണ് മഹാവീര്യറിൽ അദ്ദേഹം കാഴ്ചവച്ചത്. മല്ലിക സുകുമാരൻ ആയുള്ള കോമ്പിനേഷൻ സീൻസിൽ ഒക്കെ താൻ അവരെക്കാൾ ശ്രദിച്ചത് ഡയലോഗ് പറയുമ്പോഴുള്ള ലാലു അലക്സിന്റെ ഭാവങ്ങൾ ആണെന്ന് കുറിപ്പിൽ പറയുന്നു.
ചിരിപ്പിക്കുക എന്ന് പറയുന്നത് എല്ലാരേയും കൊണ്ട് പറ്റുന്ന ഒന്നല്ലെന്നും ഡയലോഗ് പോലും പറയാതെ ഭാവങ്ങൾ കൊണ്ട് മാത്രം പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കുക എന്നത് ലാലു അലക്സിനെ പോലുള്ളവർക്ക് അനായാസമാണെന്നും ആരാധകൻ പറയുന്നു. ബ്രോ ഡാഡിയിൽ മോഹൻലാലും പ്രിത്വിരാജും ഉണ്ടായിട്ടും ഏറ്റവും കൂടുതൽ കയ്യടി നേടിയത് അദ്ദേഹം ആണ്. അതെ മനുഷ്യൻ തന്നെ ഇന്ന് നിവിനും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ വന്ന സിനിമയിലും ഷോ സ്റ്റീലർ ആകുന്ന കാഴ്ച ഏറെ സന്തോഷം നൽകുന്നതാണെന്നും കുറിപ്പിൽ പറയുന്നു. യഥാർത്ഥത്തിൽ പലരുടെയും തിരിച്ചു വരവുകൾ ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ലാലു അലക്സിനെ പോലുള്ള നടന്മാരെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്.