ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് മോഹനന്‍ നായരായിരുന്നു ; മോഹന്‍ലാലിനെ പിരിഞ്ഞതിലുള്ള ദു:ഖം പങ്കുവെച്ച് കുടുംബ ഡ്രൈവര്‍
1 min read

ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് മോഹനന്‍ നായരായിരുന്നു ; മോഹന്‍ലാലിനെ പിരിഞ്ഞതിലുള്ള ദു:ഖം പങ്കുവെച്ച് കുടുംബ ഡ്രൈവര്‍

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു മോഹനന്‍നായര്‍. 28 വര്‍ഷം കുടുംബത്തിന്റെ സഹചാരിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഓര്‍മകള്‍ തന്നെ മങ്ങിത്തുടങ്ങിയ ഈ മനുഷ്യന്‍ മോഹന്‍ലാല്‍ എന്നു കേട്ടാല്‍ മുഖം പ്രസന്നമാവും. മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിട്ടാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വീട്ടില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ലാലിന്റെ സിനിമാ യാത്രകളുടെ സ്ഥിരം സാന്നിധ്യമായി മാറി.

സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാലന്റെ പ്രാരാബ്ധങ്ങള്‍ ഒഴിയാത്ത വീട്ടിലേക്ക് സൂപ്പര്‍ താരം അശോക് രാജ് തന്റെ കൂട്ടുകാരന്‍ ബാലനെന്ന ബാലചന്ദ്രനെ തേടിയെത്തും പോലെ ഒരു തേടിയെത്തലിനായി കാത്തിരിക്കുകയാണ് മോഹനന്‍നായര്‍. ആദ്യ കാലത്ത് മോഹന്‍ലാലിനെ ഷൂട്ടിംഗ് സെറ്റില്‍ കൊണ്ട്‌പോയി വിടുന്നതും തിരികെ വീട്ടില്‍ എത്തിക്കുന്നതുമെല്ലാം മോഹനന്‍ നായരായിരുന്നു. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തിന് മോഹന്‍ലാലിനെയും കുടുംബത്തെയും വളരെ അടുത്ത് അറിയാം. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം തന്റെ മടിയില്‍ മോഹന്‍ലാല്‍ തലവെച്ച് ഉറങ്ങിയതെല്ലാം മോഹനന്‍നായര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

കളരി അഭ്യസിക്കാന്‍ തന്റെ പരിചയത്തിലുള്ള പള്ളിച്ചല്‍ പാരമ്പര്യമര്‍മ്മകളരിയില്‍ മോഹന്‍ലാലിനെ കൂട്ടികൊണ്ട് പോയതും അദ്ദേഹമായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരിലൊരാളായ പള്ളിച്ചല്‍ പിള്ളയുടെ പിന്‍തലമുറക്കാരനാണ് മോഹനന്‍ നായര്‍. മോഹന്‍ലാലിന്റെ സുഹൃത്തുക്കളായ ഗായകന്‍ എം.ജി. ശ്രീകുമാറും സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ ജഗദീഷും നിര്‍മ്മാതാവ് സുരേഷ്‌കുമാറുമൊക്കെ വീട്ടില്‍ എത്തി സൗഹൃദം പങ്കിട്ടിരുന്നതും 82ാം വയസിലും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നുണ്ട്.

മോഹനന്‍ നായര്‍ക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങളും ടൈഫോയിഡും ഭാഗികമായ പക്ഷാഘാതവും വന്നതോടെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ഡ്രൈവറുടെ റോളിലേക്കെത്തുന്നത്. ഇരുവരേയും സൗഹൃദത്തിലാക്കിയതും മോഹനന്‍ നായരായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചതും മോഹനന്‍ നായരാണ്. അന്നത് ഏല്‍പ്പിക്കുമ്പോള്‍ വല്ലാത്ത ഹൃദയഭാരമായിരുന്നുവെന്നും ലാലിനെ വേര്‍പിരിയുന്നതിലുള്ള ദുംഖം അത്രക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.