51-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരം ലഭിച്ചവരുടെ പേരുകൾ ഇതാ…
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന 2020ലെ 51-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രി സാജൻ ചെറിയാൻ ആണ് പുരസ്കാരം ലഭിച്ചവരെ പ്രഖ്യാപിച്ചത്. 4 കുട്ടികളുടെ ചിത്രം ഉൾപ്പെടെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. സംവിധായികയും നടിയുമായ സുഹാസിനി മണിരത്നം ആണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ഇക്കുറി ദേശീയ മാതൃകയിൽ രണ്ട് തരം ജോലികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നതിനായി അണിനിരന്നു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു മാതൃക സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി സ്വീകരിക്കുന്നത്. 6കന്നഡ സംവിധായകൻ പി. ശേഷാദ്രിയും സംവിധായകൻ ഭദ്രനും അധ്യക്ഷൻ മാരായ പ്രാഥമിക ജൂറി തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറുകയായിരുന്നു.എല്ലാ തവണത്തെ പോലെ ഇത്തവണയും മികച്ച നടൻ ആവാനും നടി ആവാനും കടുത്ത മത്സരമാണ് നടന്നത്. ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ മത്സരമാണ് അവസാന റൗണ്ടിൽ നടന്നത്. മികച്ച നടി ആവാനുള്ള അന്തിമപട്ടികയിൽ നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ, ശോഭന, അന്ന ബെൻ തുടങ്ങിയ താരങ്ങളും മത്സരിച്ചു.
പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലെ പ്രകടനത്തിന് തന്നെയാണ് ഇക്കുറി മികച്ച നടനും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച നടനായി ഇത്തവണ ജൂറി തെരഞ്ഞെടുത്തത് ജയസൂര്യയെയാണ്. വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യക്ക് പുരസ്കാരം നേടിക്കൊടുത്തത്. കപ്പേള എന്ന ചിത്രത്തിലെ പ്രകടനം പരിഗണിച്ച് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വലിയ തോതിലുള്ള വിവാദങ്ങൾക്കും സാമൂഹിക ചർച്ചകൾക്കും വഴിവെച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് മികച്ച ചിത്രം. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച അയ്യപ്പനും കോശിയും മികച്ച കലാമൂല്യമുള്ളതും ജനപ്രിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. എന്നിവർ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിയോ ബേബി സ്വന്തമാക്കി. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഷോബി തിലകനും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഫീമെയിൽ വിഭാഗത്തിൽ റിയാ സൈറയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി സുധീഷ്. മികച്ച സ്വഭാവ നടി ശ്രീരേഖ. മികച്ച പിന്നണി ഗായികയായി നിത്യാ മാമൻ തെരഞ്ഞെടുക്കപ്പെട്ടു. എം.ജയചന്ദ്രനാണ് ഈ വർഷത്തെ മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.