പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ
1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് ത്രില്ലെറെന്നാണ് ചിത്രത്തെ പ്രേക്ഷകർ വിലയിരുത്തിയത്.

വളരെ മികച്ച അനുഭവമായിരിക്കും ” 21 ഗ്രാംസ് ” പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അവകാശവാദം ഉന്നയിച്ചിരുന്നു. അത്തരമൊരു അവകാശവാദം ശരിവെക്കുന്ന തരത്തിലാണ് സിനിമ കണ്ടതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണവും. ചിത്രത്തിൻ്റെ വ്യത്യസ്‍തത പകർത്തിയെടുക്കുന്ന പോസ്റ്ററുൾപ്പടെ വലിയ തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പുതുമുഖം റിനീഷ് സിനിമയുടെ നിർമാതാവായി എത്തുമ്പോൾ നവാഗതനായ ബിബിൻ കൃഷ്ണയാണ് സിനിമയുടെ സംവിധായക കുപ്പായം അണിഞ്ഞിരിക്കുന്നത്.

 

സിനിമയുടെ പ്രിവ്യൂ ഷോ , ട്രെയിലർ എന്നിവ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ വൻ വിജയമാകാനുള്ള സാധ്യതയെക്കുറിച്ച് പലരും തുറന്നു പറഞ്ഞിരുന്നു. നടൻ പ്രഭാസ് ഉൾപ്പടെയുള്ളവർ സിനിമയുടെ ട്രെയിലർ കണ്ടതിന് പിന്നാലെ അഭിനന്ദനമറിയിച്ച് രംഗത്ത് എത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നായകനായ അനൂപ് മേനോൻ എത്തുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മലയാളത്തിലെ തിരക്കഥാകൃത്തുകളും, സംവിധായകരുമായ രഞ്ജിപണിക്കരും, രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതും സിനിമയുടെ വ്യത്യസ്ത വർധിപ്പിക്കുന്നു. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം റിലീസ് ആയതിന് പിന്നാലെ നല്ല രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ സസ്പെൻസ് ത്രില്ലറായ ‘ 21 ഗ്രാംസ് ‘ കാണുന്നതിനായി തിയേറ്ററിൽ എത്തിയത്. തുടക്കം മുതൽ അവസാനം വരെ സിനിമ മടുപ്പിക്കാത്ത രീതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായും. സിനിമയുടെ അവസാന ഭാഗം ( ക്ലൈമാക്സ് ) അസാധ്യമെന്നുമാണ് പ്രേക്ഷരുടെ വിലയിരുത്തൽ. ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ത്രില്ലർ പടത്തിൽ വലിയ സസ്പെൻസ് ഒളിപ്പിച്ചു വെക്കുവാനും, ക്ലൈമാക്സ് നെ കൂടുതൽ മികവുറ്റതാക്കി തീർക്കുവാനും സംവിധായകനും , അണിയറ പ്രവർത്തകരും ശ്രമിച്ചെന്നും ഇത് വിജയകരമായി പൂർത്തിയാക്കാൻ സിനിമയ്ക്ക് സാധിച്ചെന്നുമാണ് സിനിമ കണ്ടതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ പടത്തിൽ താരത്തിൻ്റെ പ്രകടനവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതായി സിനിമ ആരാധകർ പറയുന്നു.

സിനിമ റിലീസായി തൊട്ടടുത്ത ദിവസം തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ സിനിമ കാണുന്നതിനായി തിയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ സിനിമയ്ക്ക് ( 21 ഗ്രാംസ് – ൻ്റെ ) വലിയ വിജയം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമ്മാനിക്കുവാനും സാധ്യതുണ്ട്.