മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍
1 min read

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘താണ്ഡവ’ത്തിലെ ”സ്ട്രോങ്ങല്ലേ” എന്ന ഡയലോഗ് മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്. വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു ആരാധകന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

മലയാളചലച്ചിത്രലോകത്തെ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമകളില്‍ ഒന്നാണ് താണ്ഡവം. കേരളത്തില്‍ ആദ്യമായി 50 സ്‌ക്രീനില്‍ റിലീസായ സിനിമയായിരുന്നുവെന്നും റെക്കോര്‍ഡ് ഫസ്റ്റ് ഡേയും ഇനിഷ്യല്‍ കളക്ഷനും നേടാന്‍ സാധിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. 2002 ല്‍ വെറും 8 ദിവസം കൊണ്ട് 2.85 കോടി ഗ്രോസ്സ്, ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ പടം, ബിജിഎം, പാട്ടുകള്‍ കൊടൂര ഹൈപ്പില്‍ വന്ന് നിരാശ സമ്മാനിച്ച മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു താണ്ഡവം എന്നാണ് കുറിപ്പില്‍ പറയുന്നത്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കിയ സിനിമകള്‍ ആയിരുന്നുവെങ്കില്‍ ഈ കൂട്ടുകെട്ടില്‍ അപ്രതീക്ഷിതമായി നിലം പൊത്തിയ സിനിമയായിരുന്നു ‘താണ്ഡവം’. സിനിമയില്‍ ഹിറ്റ് വേണ്ടവിധമുള്ള ഒരു കഥാ പശ്ചാത്തലം അതിന്റെ തിരക്കഥയില്‍ ഉണ്ടായിരുന്നിട്ടുപോലും ഈ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ ചരിത്രം കുറിക്കാതെ മറക്കപ്പെടുകയായിരുന്നു. ഫാമിലിക്ക് പറ്റിയത് അല്ല എന്ന് നെഗറ്റീവ് റെസ്‌പോണ്‍സ് വന്നില്ലായിരുന്നു എങ്കില്‍ ഷാജി കൈലാസിന്റെ കരിയറില്‍ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആകേണ്ട ചിത്രമായിരുന്നു താണ്ഡവം.

എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. തമിഴിലെ മാദകറാണി മുംതാസ് ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. മധു, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജഗദീഷ്, ലാലു അലക്‌സ്, രാജന്‍ പി. ദേവ്, സായികുമാര്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിക്കിള്‍ സിനിമയുടെ ബാനറില്‍ ജോണി സാഗരികയാണ് ചിത്രം നിര്‍മ്മിച്ചത്.