മലയാളസിനിമയെ മാറ്റിമറിച്ച ട്രെൻഡ് സെറ്റർ ‘ബിഗ് ബി’ റിലീസ് ചെയ്തിട്ട് 15 വർഷം തികയുന്നു
1 min read

മലയാളസിനിമയെ മാറ്റിമറിച്ച ട്രെൻഡ് സെറ്റർ ‘ബിഗ് ബി’ റിലീസ് ചെയ്തിട്ട് 15 വർഷം തികയുന്നു

ബോംബേന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട് മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ബിഗ് ബി എന്ന സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അങ്ങനെയാണ് തന്തക്ക് പിറന്ന നായകന്മാര് വാഴുന്ന മലയാള സിനിമയിലേക്ക് അമല്‍ നീരദ് കുറച്ച് അമ്മക്ക് പിറന്ന നായകന്മാരുമായി ട്രപ്പീസ് കളിക്കിറങ്ങിയത്. കാലം തെറ്റിയതുകൊണ്ടോ, മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തരം താഴ്ചകൊണ്ടോ, അന്ന് ബിഗ് ബി വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ ഷൈന്‍ ടോം പറഞ്ഞപോലെ അതൊരു ചെയ്ഞ്ചായിരുന്നു അവതരണത്തിലും മ്യൂസിക്കിലും സ്‌റ്റൈലിലും പുതിയൊരു സാധനം.

2007ല്‍ വിഷുവിനായിരുന്നു അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രം റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങി ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ ചിത്രീകരണം ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ്. കാലമെത്ര കഴിഞ്ഞിട്ടു കാണുമ്പോഴും ഫ്രഷ്നസ് ഫീല്‍ തരുന്ന അപൂര്‍വം സിനിമകള്‍ മാത്രം പിറന്നിട്ടുള്ള മലയാള സിനിമയില്‍ ബിഗ് ബി മുതല്‍ വരിയിലെ പേരാണ്.

ബിഗ്ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. മമ്മൂട്ടി എന്ന നടനെ മാത്രമല്ല അമല്‍ നീരദ് എന്ന സംവിധായകനെയും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുകയായിരുന്നു ഈ സിനിമയിലൂടെ. കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്നറിയപ്പെടുന്ന മേരി ജോണിന്റെ കൊലപാതകത്തോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. അവരുടെ നാല് ആണ്‍മക്കളില്‍ മൂത്ത മകന്‍ ബിലാല്‍ ആയി മമ്മൂട്ടിയാണ് അവതരിപ്പിച്ചത്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ സഹോദരന്‍മാര്‍ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ബാല, മനോജ് കെ ജയന്‍, നഫീസ അലി, പശുപതി, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഈ അടുത്ത് അമല്‍ നീരദിന്റെ അഭിമുഖത്തില്‍ അദ്ദേഹം ബിഗ് ബി സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബി സിനിമയുടെ ചിത്രീകരണം നടക്കവെ മലയാള സിനിമാമേഖലയിലെ പലരും ഒരു തടിയനും കുറെ പിള്ളേരും കൂടെ ഒരു സിനിമ എടുക്കാന്‍ വന്നിരുന്നു എന്ന് കളിയാക്കി പറഞ്ഞിരുന്നുവെന്ന് അമല്‍ നീരദ് പറഞ്ഞിരുന്നു. ബിഗ്ബി എന്ന ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും ആരാധകര്‍ പറഞ്ഞു നടക്കാറുണ്ട്. കൊച്ചി പഴയകൊച്ചിയല്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെ എന്ന പഞ്ച് ഡയലോഗ് കേരളക്കരയില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായി. ബിഗ്ബിയുടെ സംഭാഷണമൊരുക്കിയത് ഉണ്ണി ആര്‍ ആയിരുന്നു. ജോഫി തരകന്‍, സന്തോഷ് വര്‍മ്മ എഴുതിയ ഗാനങ്ങള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.