“ഇവറ്റകളോട് പോയി ചാകാന്‍ പറ, അമ്മയിലും താൻ  കൈനീട്ടം നല്‍കും” ; വിവാദ പ്രസ്‌താവനയുമായി വീണ്ടും സുരേഷ് ഗോപി രംഗത്ത്
1 min read

“ഇവറ്റകളോട് പോയി ചാകാന്‍ പറ, അമ്മയിലും താൻ കൈനീട്ടം നല്‍കും” ; വിവാദ പ്രസ്‌താവനയുമായി വീണ്ടും സുരേഷ് ഗോപി രംഗത്ത്

വിവാദങ്ങൾ ഏത് വഴി പോയാലും അവയെല്ലാം ഓട്ടോറിക്ഷ വിളിച്ച് വീട്ടു പടിക്കൽ കൊണ്ടുവരുന്നവരായിട്ടാണ് രാഷ്ട്രീയക്കാരെയും, സെലിബ്രെറ്റികളെയും പൊതുവേ പറയാറുള്ളത്. ഇത്തരക്കാർ ഏതൊരു നല്ല കാര്യം ചെയ്‌താലും, മോശം പ്രവൃത്തികളിൽ അകപ്പെട്ടാലും അവയെല്ലാം വളരെപെട്ടെന്ന് തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും, വലിയ രീതിയിൽ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്യാറുണ്ട്.  പറഞ്ഞുവരുന്നത് ഒരേ സമയം രാഷ്ട്രീയക്കാരനായും, സിനിമ താരമായും അറിയപ്പെടുന്ന സുരേഷ് ഗോപിയെക്കുറിച്ചാണ്. വിഷു കൈനീട്ട വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരത്തെക്കുറിച്ച് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മറ്റൊരു പ്രസ്താവനയുമായി അദ്ദേഹം ഇന്ന് രംഗത്തെത്തിയിരിക്കുന്നത്.

വിഷുകൈനീട്ട വിതരണം താൻ ഇനിയും തുടരുമെന്നും, ഇനി ഒരാഴ്ച്ചവരെ അത് നീളുമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.  മെയ് ഒന്നാം തിയതി അമ്മ അസോസിയേഷൻ്റെ വനിതാ സംഗമം നടക്കുന്നുണ്ടെന്നും, അവിടെയും വിഷു കൈനീട്ടം നൽകുവാനാണ്‌ തൻ്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഇവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.  ഉത്തരേന്ത്യന്‍ രീതിയെ അടിസ്ഥാനമാക്കിയാണ് താൻ കാര്യങ്ങൾ ചെയ്യുന്നതെന്ന് പറയുന്നവരോട് തനിയ്ക്ക് പറയാൻ മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ലെന്നും, വർഷങ്ങളായി തുടർന്നു പോരുന്ന ആചാരമാണിതെന്നും, താൻ ഇത്തരത്തിലുള്ള പ്രവവൃത്തികളെ കാണുന്നത് ദൈവീകമായിട്ടാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷവും താൻ വിഷുകൈനീട്ടം നൽകിയിരുന്നെന്നും, ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരേ തൃശൂരിലേയ്ക്കാണ് വന്നതെന്നും, വിഷുവാരം ആഘോഷിക്കാൻ എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.  അതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയിരുന്നെന്നും. തൻ്റെ ലെറ്റര്‍ ഹെഡില്‍ തന്നെ അപേക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നതായും . ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചതെന്നും ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യകത്മാക്കി.

തൻ്റെ കാറിലിരുന്നുകൊണ്ട് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം നടത്തുകയും, കൈനീട്ടം വാങ്ങിച്ചതിന് ശേഷം ആളുകൾ അദ്ദേഹത്തിൻ്റെ കാൽത്തൊട്ട് വന്ദിക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  ഇതിന് പിന്നാലെ സംഭവത്തിൻ്റെ ദൃശ്യങ്ങളും, വീഡിയോയും വൈറലായതോടെ സുരേഷ് ഗോപിയ്ക്ക് നേരേ വലിയ രീതിയിൽ വിമർശനം ഉയരുകയും, വിഷു കൈനീട്ട വിതരണം വലിയ വിവാദമാവുകയും ചെയ്‌തിരുന്നു.