‘ കെട്ട്യോളാണെൻ്റെ  മാലാഖ സംവിധായകൻ ‘ മമ്മൂട്ടിയ്‌ക്കൊപ്പം : പ്രതീക്ഷയിൽ ആരാധകർ
1 min read

‘ കെട്ട്യോളാണെൻ്റെ മാലാഖ സംവിധായകൻ ‘ മമ്മൂട്ടിയ്‌ക്കൊപ്പം : പ്രതീക്ഷയിൽ ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയും യുവ സംവിധായകൻ നിസാം ബഷീറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുന്നു. മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘കെട്ട്യോളാണെൻ്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ സുപരിചിതനായി തീർന്ന സംവിധായകനാണ് നിസാം ബഷീർ. സിനിമയുടെ ഷൂട്ടിങ്ങ് മാർച്ച് – 25 ന് ചാലക്കുടിയിൽ വെച്ച് ആരംഭിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. സംവിധായകൻ ലിജോ പല്ലിശേരിയുടെ ” നൻപകൽ നേരത്ത് മയക്കം ” എന്ന ചിത്രമാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യത്തെ ചിത്രം. ചിത്രത്തിൻ്റെ കോ – പ്രൊഡ്യൂസർ എൻ .എ . ബാദുഷയാണ്.

ജഗദീഷ് , ഷറഫുദ്ധീൻ , കോട്ടയം നസീർ , സഞ്ജു ശിവറാം , ഗ്രേസ് ആന്റണി , ബിന്ദു പണിക്കർ , എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൻ്റെ ഛായഗ്രഹകൻ ആനന്ദ് കൃഷ്ണനാണ്. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വരാൻ ഇരിക്കുന്നതേയുള്ളു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ , ഇബിലീസ് തുടങ്ങി നിരവധി സിനിമകൾക്കായി തിരക്കഥ എഴുതിയ സമീർ അബ്‌ദുള്ളയാണ് ഈ ചിത്രത്തിൻ്റെയും കഥ എഴുതുന്നത്. ത്രില്ലർ മാതൃകയിലുള്ള ചിത്രമെന്നതാണ് സിനിമയെക്കുറിച്ച് ലഭിക്കുന്ന സൂചനകൾ. മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം ചിത്രം വേറിട്ടൊരു അനുഭൂതി സമ്മാനിക്കുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

തിയേറ്ററുകളിൽ ഒന്നാകെ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ഭീഷ്‌മ പർവ്വത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘ നൻ പകൽ നേരത്ത് മയക്കം ‘ , രതീന സംവിധനം ചെയ്യുന്ന പുഴു എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്താനിരിക്കെ ” ഭീഷ്മ പർവ്വം ” വമ്പൻ ഹിറ്റായി തുടരുകയാണ്. സൗദി അറേബ്യയിൽ ഉൾപ്പടെ ഏറ്റവും അധികം കളക്ഷൻ സമ്പാദിക്കുന്ന ചിത്രമെന്ന റെക്കോർഡും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഭീഷ്മ പർവ്വം സ്വന്തമാക്കി കഴിഞ്ഞു.