മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പനും സംഘവും!; കൈനിറയെ സ്നേഹ സമ്മാനം നല്‍കി സൂപ്പര്‍സ്റ്റാര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സമീപകാലത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ, പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പൂനെയിലെ ചിത്രീകരണം കഴിഞ്ഞ് ഇപ്പോള്‍ വയനാട്ടിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഈ അവസരത്തില്‍ മമ്മൂട്ടിയെ കാണാന്‍ ആദിവാസി മൂപ്പന്‍മാരും സംഘവും കാടിറങ്ങിയ വിശേഷങ്ങളാണ് ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്നത്.
കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ ആണ് നടനെ കാണാന്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മെഗാസ്റ്റാര്‍ മൂപ്പനും സംഘത്തിനും സ്വീകരണം നല്‍കിയത്.
https://www.instagram.com/p/Cp5Bdfqrsb0/?utm_source=ig_web_copy_link
മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ ഇവര്‍ക്ക് സമ്മാനിച്ചത്. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും കോളനി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് അവ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് റാഹില്‍ ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിന്‍ ചെറുകയില്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വേഷമിടുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനം ചെയ്ത ചിത്രം ‘ക്രിസ്റ്റഫറാ’ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.