‘മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമ കണ്ടുവെന്നും, ഇഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്‌ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ ലതയോടൊപ്പം മാളികപ്പുറം കണ്ടു…ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’.
അതേസമയം, മാളികപ്പുറം വന്‍ വിജയത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നുമാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. കാണാത്തവര്‍ ഉടന്‍ തന്നെ സിനിമ കാണണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താന്‍ന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടന്‍ പറയുന്നു.
തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുന്‍പും എന്റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്, പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട് പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല. സിനിമ പ്രേക്ഷകരിലേക്കെത്തിച്ച പ്രൊഡ്യൂസഴ്സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നുവെന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് മാളികപ്പുറം റിലീസിന് എത്തിയതെങ്കിലും
2022 ലെ ഹിറ്റ് സിനിമകളുടെ കണക്ക് എടുക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം അതില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്. പുറത്തെത്തുന്ന ചില കണക്കുകള്‍ പ്രകാരം സണ്‍ഡേ ബോക്‌സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് മാളികപ്പുറം.
പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ്. രണ്ടാം സ്ഥാനത്ത് മറാഠി ചിത്രം വേദ്, മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം ധമാക്ക എന്നിങ്ങനെ. നാലാം സ്ഥാനത്ത് മലയാള ചിത്രം മാളികപ്പുറവും അഞ്ചാം സ്ഥാനത്ത് നവംബര്‍ 18 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 2 ഉം ആണ്.