വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്
1 min read

വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്

ടന്‍ വിനായകന്‍ മീ ടൂ ക്യാംപെയ്‌നെ സംബന്ധിച്ച് ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമാണ്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വിനായകനെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം താനാണ് കണ്‍സെന്റ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞ ഭാഗമാണ് ജോമോള്‍ തന്റെ കുറിപ്പില്‍ എടുത്തു പറയുന്നത്. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പുരുഷന്മാരോട് ചോദിക്കാനുള്ള ഒരു അവസരം സമൂഹത്തിലില്ലെന്നും പുരുഷന്മാര്‍ക്ക് ഉള്ള അത്ര ലൈംഗിക സ്വാതന്ത്രം സ്ത്രീകള്‍ക്ക് ഇല്ലെന്നും ജോമോള്‍ പറയുന്നു. അതുകൊണ്ട് തന്നെ വിനായകന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നാണ് അവര്‍ ചോദിക്കുന്നത്.

ഫാന്‍സ് വിഷയത്തിലും വിനായകന്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഊള ഫാന്‍സുകള്‍ എന്നാണ് വിനായകന്‍ അവരെക്കുറിച്ച് പറഞ്ഞത്. ഇത്തരം ആളുകള്‍ വിചാരിച്ചാല്‍ സിനിമയെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ കഴിയില്ല. ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാതാക്കണമെന്നും വിനായകന്‍ പറഞ്ഞിരുന്നു. വിനായകന്റെ ഈ വാക്കുകള്‍ക്കും വലിയ പിന്തുണയാണ് ജോമോള്‍ നല്‍കുന്നത്. പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും ഫാന്‍സുകാര്‍ കാരണം ഇന്ന് സാധ്യമാകാറില്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന ആള്‍ മാത്രമാണ് താനെന്നും ഒരു കലാകാരനല്ലെന്നും വിനായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെയും ജോമോള്‍ വിശദീകരിക്കുന്നുണ്ട്. സിനിമാ നടി-നടന്മാര്‍ക്ക് പ്രത്യേക പ്രിവിലേജ് സമൂഹം നല്‍കാറുണ്ടെന്നും എന്നാല്‍ മറ്റേതു ജോലിയെയും പോലെ മാത്രം ഇതിനെയും കാണേണ്ടതല്ലേ എന്നും ജോമോള്‍ ചോദിക്കുന്നു.

വിനായകന്റെ ഏറ്റവും വിവാദമായ പരാമര്‍ശമാണ്, കണ്‍സെന്റ് ചോദിച്ചിട്ട് ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടാല്‍ അത് മീടൂ ആകുമോ, എങ്കില്‍ താന്‍ ഇനിയും മീ ടൂ ചെയ്യും എന്നുള്ളത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് നാളുകള്‍ക്ക് ശേഷം മീ ടൂ ആരോപണവുമായി പലരും എത്തുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇത് തോന്നിയവാസമാണെന്നും ജോമോള്‍ കുറ്റപ്പെടുത്തുന്നു. കുറ്റകൃത്യങ്ങള്‍ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നും അല്ലെന്നും സ്ത്രീകളിലും ധാരാളം പേര്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി കുറ്റകൃത്യങ്ങള്‍ നടത്താറുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങളെല്ലാം കൊണ്ട് വിനായകന്റെ വാക്കുകളോട് യോജിക്കുന്നു എന്നാണ് ജോമോളുടെ കുറിപ്പ്. ഒപ്പം വര്‍ഷങ്ങളോളം ആങ്ങള വേഷത്തില്‍ നടന്നിട്ട് അവസരം കിട്ടുമ്പോള്‍ കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് ലൈംഗിക താല്‍പര്യം തുറന്നു പറയുന്നതെന്നും കുറിച്ച് കൊണ്ടാണ് ജോമോള്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.