‘ദിലീപിനെ മാത്രം വെട്ടി മാറ്റി വിഡി സതീശൻ’; ചർച്ചയായി സിദ്ദിഖിൻ്റെ മകൻ്റെ വിവാഹ ദിനത്തിലെ ചിത്രം
1 min read

‘ദിലീപിനെ മാത്രം വെട്ടി മാറ്റി വിഡി സതീശൻ’; ചർച്ചയായി സിദ്ദിഖിൻ്റെ മകൻ്റെ വിവാഹ ദിനത്തിലെ ചിത്രം

കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ദിഖിന്റെ മകൻ ഷാഹിന്റെ വിവാഹം നടന്നത്. അച്ഛൻ്റെ പാത പിന്തുടർന്ന് ഷാഹീനും സിനിമയിൽ എത്തിയിരുന്നു. പത്തേമാരി എന്ന മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാഹീൻ, കസബ ടേക്ക് ഓഫ്, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡോക്ടറായ അമൃത ദാസിനെയാണ് ജാതിയുടെയും മതത്തെയും അതിർവരമ്പുകൾ ഭേദിച്ച് ഷാഹിൻ ജീവിതസഖിയായി കൂടെക്കൂട്ടിയത്.

ഇവരുടെ വിവാഹത്തിന് നിരവധി താരങ്ങളാണ് സജീവമായി പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കാവ്യ മാധവൻ, മനോജ് കെ ജയൻ, നവ്യാ നായർ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും സാംസ്കാരിക രംഗത്തെ പ്രമുഖരും വധൂവരന്മാർക്ക് ആശംസകളർപ്പിക്കാൻ നേരിട്ടെത്തി. ആഘോഷപരമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും സിദ്ദിഖിന്റേയും ഒപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് വീ ഡി സതീശൻ പങ്കുവെച്ചിരിക്കുന്നത്.  അതേസമയം അതിന്റെ യഥാർത്ഥ ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. യഥാർത്ഥ ചിത്രത്തിൽ ഇവരോടൊപ്പം ദിലീപും ഉണ്ട്. എന്നാൽ വിഡി സതീശൻ ചിത്രം പങ്കുവെച്ചപ്പോൾ ദിലീപിനെ വെട്ടി മാറ്റിയിരുന്നു.

നിരവധി പേരാണ് വിഡി സതീശനെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. ‘ക്രിയേറ്റീവ് എഡിറ്റിംഗ് ഇൻ പൊളിറ്റിക്സ്’ എന്നാണ് പലരും ചിത്രത്തിനു താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല പറയാതെ പറഞ്ഞ നിലപാടെന്നും, വളരെ നല്ല തീരുമാനമെന്നും, ദിലീപിനെ ഒഴിവാക്കിയത് നന്നായെന്നും പലരും അഭിപ്രായപ്പെടുന്നു. മാത്രമല്ല ബുദ്ധിയുള്ള രാഷ്ട്രീയ നേതാവാണ് വി ഡി സതീശനെന്നും അഭിപ്രായമുണ്ട്.

അതേസമയം വി ഡി സതീശനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇലക്ഷൻ സമയത്ത് വോട്ട് കുറയുമെന്നു ഭയന്നാണ് ദിലീപിനെ മാറ്റിയതെന്നും, നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതി ദിലീപ് ആണെന്നുമുള്ള രീതിയിൽ നിരവധി പേർ കമൻ്റ് ചെയ്തിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് തന്നെ വി ഡി സതീശൻ പങ്കുവച്ച ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുകയാണ്.