സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് വിഎ ശ്രീകുമാര്‍ ; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ 
1 min read

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് വിഎ ശ്രീകുമാര്‍ ; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ 

മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ആറോളം പ്രോജക്റ്റുകളുടെ രചനാജോലികളാണ് പൂര്‍ത്തിയായിവരുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഇതില്‍ ആദ്യ സിനിമ ജനുവരിയില്‍ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിര്‍മ്മാതാവായ ഓസ്‌ട്രേലിയയിലെ മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും മികച്ച കഥകള്‍ കണ്ടെത്തി മുന്നേറാനുള്ള ഈ സംരംഭത്തിന്റെ തീരുമാനം ഉചിതമാണെന്നും എല്ലാ ആശംസകളും പ്രാര്‍ത്ഥനയും ഉണ്ടെന്നും ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍ പറഞ്ഞു. കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തില്‍ ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോജക്റ്റുകള്‍ക്ക് തുടക്കമിടുന്നത്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ് ഹരീഷ്, സി പി സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയ് തോമസ്, വി ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകള്‍.

 

‘സാഹിത്യം, നടന്ന സംഭവങ്ങള്‍ എന്നീ സ്രോതസ്സുകളില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ സിനിമയുടെ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകള്‍ കണ്ടെത്തുവാനായി, എന്നതാണ് നിര്‍മ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങള്‍ക്കുള്ള ഇഷ്ടമാണ് നിര്‍മ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിര്‍മ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണല്‍ രീതികളോടെയാകും സമീപിക്കുക’- അന്‍ജന ഫിലിപ്പ് പറഞ്ഞു.

 

‘എല്ലാ സിനിമകള്‍ക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മള്‍. ഭാഷയുടെ അതിരുകള്‍ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകള്‍ക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകള്‍ക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോള്‍ സിനിമയുടെ ജയം നിര്‍ണ്ണയിക്കുന്നതും തിയറ്ററുകള്‍ നിറയ്ക്കുന്നതും. അന്‍ജന ടാക്കീസുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമകള്‍ കണ്ടെത്തിയത് ഈ പാഠങ്ങളില്‍ നിന്നാണ്’- വി എ ശ്രീകുമാര്‍ പറഞ്ഞു.

നോവലിസ്റ്റും കഥാകൃത്തും ഏദന്‍, ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയില്‍ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കര്‍ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടന്‍ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിള്‍വി, ഗ്രേ, ഫിഷ്‌ഐ, മെക്കാന്‍, പുഷ് 360 തുടങ്ങിയ പരസ്യ ഏജന്‍സികളില്‍ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലര്‍ തുടങ്ങി അനേകം ബ്രാന്‍ഡുകള്‍ക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേര്‍ 2017ല്‍ ഐഎഫ്എഫ്‌കെയില്‍ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. കഥയാണ് കാര്യം- എന്നതാണ് സംരംഭത്തിന്റെ ടാഗ് ലൈന്‍.