മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
1 min read

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാള സിനിമയില്‍ എക്കാലത്തും പുതുമയുടെ പതാകാവാഹകനായിരുന്നു മമ്മൂട്ടി. ആ ഫിലിമോഗ്രഫിയില്‍ സമീപകാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് അവയില്‍ പല ചിത്രങ്ങളും നിര്‍മ്മിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി ശ്രദ്ധ നേടിയ ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ആ ചിത്രം. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്നുവെന്ന കാരണത്താല്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

ആദ്യ ഷോകള്‍ കഴിയുമ്പോള്‍ കണ്ടവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ഗൗരവമുള്ള വിഷയം മനുഷ്യര്‍ക്ക് എളുപ്പം മനസിലാവുന്ന തരത്തില്‍, വൈകാരിക മൂര്‍ച്ചയോടെ പ്രതിഫലിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍. മാത്യു ദേവസി എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ച മമ്മൂട്ടിയുടെ ധൈര്യത്തിനും പ്രശംസയുണ്ട്. ബിഗ് സ്ക്രീനിലെ വിപ്ലവം എന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം ഒറ്റ വരിയില്‍ കാതലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പുരോഗമനമാണ് നിങ്ങള്‍ സ്വപ്നം കാണുന്നതെങ്കില്‍ ഒരു സിനിമയ്ക്ക് നടത്താനാവുന്ന ഏറ്റവും മികച്ച പ്രസ്താവനയാണ് ഈ ചിത്രം. എല്ലാ വാര്‍പ്പുമാതൃകകളെയും അതിലംഘിക്കുകയാണ് ഇവിടെ എഴുത്തുകാരും സംവിധായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും, ഫോറം കേരളത്തിന്‍റെ പോസ്റ്റ്. അങ്ങേയറ്റത്തെ സത്യസന്ധതയോടെയാണ് ജിയോ ബേബി വലിയ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് വാട്ട് ദി ഫസ് എന്ന എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നു. സിനിമാറ്റിക് പിരിമുറുക്കം സൃഷ്ടിക്കുന്ന ഫിലിം മേക്കിംഗ് രീതിയല്ല അദ്ദേഹത്തിന്‍റേത്. മറിച്ച് കഥാപാത്രങ്ങളില്‍ നിന്ന് സൂക്ഷ്മമായ പെരുമാറ്റം ആവശ്യപ്പെടുകയാണ് അദ്ദേഹം. ചിത്രത്തില്‍ അവസാന ഭാഗത്തുവരുന്ന ഒരു പ്രത്യേക സംഭാഷണത്തെക്കുറിച്ചും ഇവരുടെ റിവ്യൂവില്‍ പറയുന്നു. ജ്യോതിക മമ്മൂട്ടിയോട് പറയുന്ന ആ സംഭാഷണം അര്‍ഥവത്തായ ഒരു കഥയ്ക്ക് നല്‍കുന്ന മികച്ച പര്യവസാനമാണെന്നും.

കാതലിലെ മമ്മൂട്ടിയുടെ വേഷം സ്വയം വെല്ലുവിളി സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റ് താരങ്ങള്‍ക്കുള്ള പ്രചോദനമാണെന്ന് ജംഷിദ് എന്ന പ്രേക്ഷകന്‍ കുറിക്കുന്നു. ബെസ്റ്റ് ആക്റ്റര്‍ താന്‍ തന്നെയാണ് മമ്മൂട്ടി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മറ്റൊരു പോസ്റ്റ്.

“മമ്മൂക്കാ..
ദൈവമേ എന്ന അങ്ങയുടെ ആ വിളി ഉണ്ടല്ലോ. അത് യഥാർത്ഥത്തിൽ വിളിച്ചത് ഞങ്ങൾ പ്രേഷകരാ. എന്തിനെന്നോ നന്ദിപറയാൻ!!കാരണം ഈയൊരു കഥാപാത്രത്തേയും ഈയൊരു സിനിമയേയും പിറക്കാൻ അനുവദിച്ചതിന്,. ഞങ്ങളെ വീണ്ടും വിസ്മയിപ്പിച്ചതിന്.. Big Salute മമ്മൂക്ക .. കാതൽ The Core… ഹൃദയത്തിലോട്ടാണ് കേറുന്നത്” എന്നായിരുന്നു മറ്റൊരു എഫ് ബി പോസ്റ്റ് .

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ പ്രദര്‍ശനം ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും ഇന്ന് നടക്കും. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.