‘മമ്മൂട്ടി – മോഹന്‍ലാല്‍ സിനിമകളാണ് മലയാള സിനിമയുടെ നിലവാരമിങ്ങനെ ഉയര്‍ത്തിയത്’ എന്ന് നടി ഉര്‍വ്വശി
മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. കൂടാതെ, ഏവരുടേയും ഇഷ്ട നടിയായിരുന്നു. ഉര്‍വ്വശിയുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് ഉര്‍വ്വശി മലയാള സിനിമകളില്‍ തിളങ്ങുകയും നിരവധി അവാര്‍ഡുകള്‍ വാരികൂട്ടുകയും ചെയ്തു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായിട്ട് അഭിനയിച്ച ഉര്‍വ്വശി ഇന്നും സിനിമയില്‍ സജീവമാണ്. 1984 മുതല്‍ സിനിമാ രംഗത്ത് സജീവമായ ഉര്‍വ്വശിയുടെ ആദ്യ മലയാള ചിത്രമാണ് ‘വിടരുന്ന മൊട്ടുകള്‍’. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നായികയായി അഭിനയിച്ച ചിത്രമാണ് മുന്താണൈ മുടിച്ച് എന്നത്. ആ ചിത്രം ഉര്‍വ്വശിയുടെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു.
അതുപോലെ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള ചിത്രം. ഏറ്റവും കൂടുതല്‍ തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ഉര്‍വ്വശി. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം, തലയിണ മന്ത്രം, കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, കഴകം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടന് മനോജ് കെ ജയനാണ് ഉര്‍വ്വശിയെ ആദ്യം വിവാഹം ചെയ്തത്. വിവാഹശേഷവും ഉര്‍വ്വശി സിനിമയില്‍ സജീവമായിരുന്നു. പിന്നീട് ആ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും 2014ല്‍ ശിവപ്രസാദ് എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. കലാരഞ്ജിനി, കല്പന എന്നിവര്‍ ഉര്‍വശിയുടെ സഹോദരികളാണ്.
മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നാണ് ഉര്‍വ്വശി പറയുന്നത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും സിനിമകള്‍ മലയാളത്തില്‍ വരുന്നതിന് മുമ്പ് ‘ മലയാള സിനിമ’ എന്നത് വെറും വൃത്തികെട്ട സിനിമകള്‍ എന്നായിരുന്നു കേരളത്തിന് പുറത്തുള്ളവര്‍ നോക്കി കണ്ടതെന്നാണ് നടി പയുന്നത്. അതുപോലെയുള്ള മോശപ്പെട്ട കുറെ സിനിമകള്‍ ആ സമയത്ത് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മമ്മൂട്ടിയും-മോഹന്‍ലാലും മലയാള സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ആ പേര് മാറുകയും, പുറത്തുളളവരുടെ മനസ്സിലും മലയാള സിനിമയുടെ നിലവാരമുയരുകയും ചെയ്തുവെന്നാണ് ഉര്‍വ്വശിയുടെ വെളിപ്പെടുത്തല്‍.