‘ബ്രൂസ്‌ലി’ : ഉണ്ണി മുകുന്ദന്റെ വില്ലനായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ; നിർമ്മാതാവ് ഗോകുലം ഗോപാലൻ
മലയാളത്തിൽ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായികയായി എത്തുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് സുപരിചിതനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ചിത്രത്തിൽ വില്ലനാകും. എനിക്ക് റോബിൻ രാധാകൃഷ്ണൻ മകനെപ്പോലെയാണ് എന്നാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ പറഞ്ഞത് .
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയായ പുലിമുരുകന്റെ അണിയറ പ്രവർത്തകരായ വൈശാഖും ഉദയകൃഷ്ണയും ഒന്നിച്ചെത്തുന്ന സിനിമയാണ് ബ്രൂസിലി. ഏകദേശം 50 കോടിയോളം രൂപയാണ് ചിത്രത്തിനായി ചിലവ് വരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള ചിത്രമായിരിക്കും ബ്രൂസിലി. ഉണ്ണിമുകുന്ദന്റെ സിനിമ മേഖലയിലേക്കുള്ള ആദ്യ നായക ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു. ഇരു വരും വീണ്ടും ഒന്നിക്കുമ്പോൾ സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഗോകുലം മൂവീസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററിൽ എത്തുകയാണ്.
അതു പോലെ തന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തു വന്ന റോബിൻ രാധാകൃഷ്ണൻ ഇതിനോടകം തന്നെ സിനിമാ രംഗത്തേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് റോബിൻ ആണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല അതേ സമയം രണ്ട് സിനിമയുടെയും പ്രഖ്യാപനത്തിന് ശേഷം താരത്തിന്റെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഒരു സിനിമ താരത്തിനു ലഭിക്കുന്നതിനേക്കാളും വലിയ ജന പിന്തുണയാണ് റോബിൻ രാധാകൃഷ്ണന് ബിഗ്ബോസ് എന്ന പരിപാടിയിൽ പോയി വന്ന ശേഷം ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ഈ ആരാധക പിന്തുണ സിനിമയെ നല്ല രീതിയിൽ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കാം.