ലാലേട്ടനോടൊപ്പം ഉള്ള യാത്രയും ചോക്ലേറ്റ് ഗിഫ്റ്റും മറക്കാനാകില്ല എന്ന് മീരാ അനിൽ
1 min read

ലാലേട്ടനോടൊപ്പം ഉള്ള യാത്രയും ചോക്ലേറ്റ് ഗിഫ്റ്റും മറക്കാനാകില്ല എന്ന് മീരാ അനിൽ

അവതാരകയായും നടിയായും നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. വര്‍ഷങ്ങളായി കോമഡി സ്റ്റാര്‍സ് പരിപാടിയിലെ അവതാരക ആയി നമ്മുടെ സ്വീകരണ മുറിയിലെ മുഖമായി തന്നെ മീര മാറി കഴിഞ്ഞു. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് മീര അനില്‍. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയാക്കിയതും. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ യാത്രകള്‍. ”മനസ്സ് വല്ലാതെ ബോറടിക്കുമ്പോള്‍ യാത്ര നല്‍കുന്ന ഉന്മേഷവും ആഹ്ലാദവും ഒന്നു വേറെ തന്നെയാണെന്നും മീര പറയുന്നു”. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. തന്റെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും യാത്ര ഭ്രാന്തുകള്‍ക്ക് ഇനി സാരഥി സൂപ്പര്‍ ബൈക്ക് ആയിരിക്കുമെന്ന സന്തോഷമാണ് മീര പങ്കുവയ്ക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണിന്റെ കാലത്താണ് ഞാനും വിഷ്ണുവും വിവാഹിതരാകുന്നത്. കല്യാണത്തിന് ശേഷം ഓള്‍ ഇന്ത്യ ട്രിപ്പ് പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു എല്ലാം തകിടം മറിച്ചാണ് കൊറോണ വില്ലനായി എത്തിയത്. വിവാഹ നിശ്ചയം കൊറോണയ്ക്ക് മുന്‍പായിരുന്നതിനാല്‍ വലിയ പ്ലാനുകള്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇരുവരും യാത്ര പ്രേമികള്‍ ആയതുകൊണ്ടുതന്നെ കുറെയേറെ ട്രാവല്‍ പ്ലാനുകള്‍ ഉണ്ടായിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണും കുറെ നിബന്ധനകളും എല്ലാം കൂടി വന്നപ്പോള്‍ ഹണിമൂണും പോസ്റ്റ് മാര്യേജും എല്ലാം വീട്ടിനുള്ളില്‍ തന്നെ ചെലവഴിച്ചു. 2022 എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ഏറെ പ്രതീക്ഷകളുമായിട്ടാണ് പിറന്നത്. നടക്കാതെ പോയ ഞങ്ങളുടെ നോര്‍ത്തീസ്റ്റ് യാത്ര പോകാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. ടിക്കറ്റൊക്കെ ബുക്ക് നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ കണ്ടു മടങ്ങണം. ഞങ്ങള്‍ ആ യാത്രയുടെ കാത്തിരിപ്പിലാണ്. യാത്രയിലൂടെ കിട്ടുന്ന ഉണര്‍വും ഊര്‍ജവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ജോലി വളരെ തിരക്കുള്ളതാണ്. മൂന്ന് നാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തി വിഷ്ണുവിനൊപ്പം ബൈക്കില്‍ ഒരു യാത്ര പോയി വന്നാല്‍ ഞങ്ങള്‍ പുതിയൊരു ജീവിതത്തിലേക്ക് അല്ലെങ്കില്‍ ലോകത്തിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നാറുണ്ട്. ചെറു ട്രിപ്പുകള്‍ ആയാലും ഞാന്‍ ജീവിത്തില്‍ ഏറ്റവും ആസ്വദിക്കുന്നവയാണ്.

മീരയ്ക്കും വിഷ്ണുവിനും അധികം തിരക്കുകള്‍ ഒന്നുമില്ലാത്ത ജനവാസം കുറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം. കാടിന്റെ കാഴ്ചകളിലേക്കുള്ള സഞ്ചാരം, അധികം ആരും എത്തിപ്പെടാത്ത ഇടങ്ങള്‍ അങ്ങനെയുള്ള യാത്രകളാണ് ഞങ്ങള്‍ക്ക് പ്രിയം. ഇതുവരെ പോയിട്ടുള്ള യാത്രകള്‍ അധികവും അതുപോലെ ഉള്ളതുമാണ്. അധികമാരും പോകാത്ത സ്ഥലമാണെങ്കില്‍ ഞങ്ങള്‍ റെഡി. സിനിമയിലെ ഡയലോഗ് പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞങ്ങള്‍ക്ക് അലയണം. രണ്ടുപേരും ഒരേ താല്‍പര്യക്കാര്‍ ആയതുകൊണ്ട് ഒരു വഴി മതി. കന്യാകുമാരിയില്‍ നിന്നും ലേ ലഡാക്ക് വരെ ബൈക്ക് ഓടിച്ചു പോയിട്ടുണ്ട് വിഷ്ണു. പാരാഗ്ലൈഡിങ്, സ്‌കൈ ഡൈവിങ് എന്നുവേണ്ട സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അത്ര റിസ്‌കി ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുതിരാറില്ല. െട്രക്കിങ്ങിന് രണ്ടുപേരും ചേര്‍ന്ന് പോയിട്ടുണ്ട്. മുകളില്‍ നിന്നു എടുത്തു ചാടുക, കടലിലേക്ക് ചാടുക മുതലായ പരിപാടികള്‍ ഒന്നും എന്നെക്കൊണ്ട് സാധിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ അഡ്വഞ്ചറസ് വിഷ്ണു തന്നെയാണ്. എല്ലാവര്‍ക്കും ഉണ്ടാകും യാത്ര നടത്തിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലത്തിന്റെ പേര്. എനിക്ക് പ്രിയപ്പെട്ട രണ്ടു സ്ഥലങ്ങളുണ്ട്. അവിടേയ്ക്കുള്ള യാത്രകള്‍ എന്നും എനിക്ക് പ്രിയമുള്ളതാണ്. ആദ്യത്തേത് തിരുവനന്തപുരത്തെ എന്റെ വീടും രണ്ടാമത്തേത് മല്ലപ്പള്ളിയിലുള്ള വിഷ്ണുവിന്റെ വീടും. ഒരുപാട് സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും എന്ത് ജോലി തിരക്കാണെങ്കിലും ഏറ്റവും കൂടുതല്‍ ഓടിയെത്താന്‍ ആഗ്രഹിച്ചിട്ടുള്ള രണ്ടിടങ്ങളാണ് ഇതാണ്.

ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എനിക്ക് സഹോദരങ്ങളൊന്നും ഇല്ലാത്തതിനാല്‍ അമ്മയും അച്ഛനും ഒരുമിച്ചുള്ള യാത്രകളാണ് പണ്ട് നടത്തിയിട്ടുള്ളത്. വിവാഹ ശേഷം യാത്ര അടക്കമുള്ള കാര്യങ്ങളില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നു. വിഷ്ണുവിന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും കുഞ്ഞും എല്ലാം ചേര്‍ന്ന് വലിയൊരു ലോകമാണ്. എന്നെ സംബന്ധിച്ച് അത് പുതിയൊരു അനുഭവവും. ഒരു വണ്ടിയില്‍ ഞങ്ങളെല്ലാവരുംകൂടി യാത്ര പോകുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുള്ളത് വലിയൊരു കൂട്ടുകുടുംബത്തിനൊപ്പമാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നാണ്. അത് തന്നെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നും. മല്ലപ്പള്ളിയില്‍ നിന്നും വാഗമണ്ണിലേക്കുള്ള ഞങ്ങളുടെ യാത്രയാണ് ഏറ്റവും സൂപ്പറായിട്ടുള്ള കാര്യം. വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളില്‍ വാഗമണ്ണിലെത്താം. ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആണ് വാഗമണ്‍. ഷോര്‍ട്ട് ട്രിപ്പ് ആന്‍ഡ് ലോങ് വൈബ് അതാണ് വാഗമണ്‍.

വൈകുന്നേരങ്ങളില്‍ കോടമഞ്ഞ് ഇറങ്ങുന്ന സമയത്ത് ഐസ്‌ക്രീമും നുകര്‍ന്ന് വാഗമണ്ണിലെ മൊട്ടക്കുന്നുകളില്‍ മണിക്കൂറുകളോളം സൊറ പറഞ്ഞിരിക്കും. ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും നല്ല നിമിഷങ്ങളാണത്. ഞങ്ങള്‍ ആവോളം ആസ്വദിച്ച് രാത്രി ആകുമ്പോള്‍ തിരിച്ചു വീട്ടിലേക്ക് മടങ്ങും. പലപ്പോഴും ഇത്തരം വണ്‍ഡേ ട്രിപ്പുകള്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്താറുണ്ട്. ഞാനേറ്റവും ആസ്വദിക്കുന്ന യാത്രയുമണത. എല്ലാ യാത്രകളും ഓരോ അനുഭവങ്ങളാണ്. കാടുകയറുന്ന അനുഭവം ആയിരിക്കില്ല ദുബായി പോലെയുള്ള നഗരത്തില്‍ എത്തിയാല്‍ അനുഭവിക്കുന്നത്. അതുപോലെ ജയ്പൂരിലും രാജസ്ഥാനിലും കാണുന്ന കാഴ്ച ആയിരിക്കില്ല തൊട്ടടുത്ത് കിടക്കുന്ന അരുണാചല്‍പ്രദേശില്‍. അതിനേക്കാള്‍ വേറിട്ടൊരു അനുഭവമായിരിക്കും പഞ്ചാബില്‍ ചെല്ലുമ്പോള്‍. അതുകൊണ്ട് എന്നെ സംബന്ധിച്ച് എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. എങ്കിലും എടുത്തുപറയാന്‍ ഒരു യാത്ര ഏതെന്ന് ചോദിച്ചാല്‍ അത് വിഷ്ണുവുമൊപ്പം നടത്തിയ എന്റെ ആദ്യ യാത്രയാണ്. എന്റെ പിറന്നാള്‍ ദിവസം വിഷ്ണുവും ഞാനും ചേര്‍ന്ന് കോവളത്തേക്ക് നടത്തിയ ഞങ്ങളുടെ ആദ്യ യാത്രയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്ന് മീര അനില്‍. അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. എങ്കിലും ലാല്‍ സാറുമായി ചേര്‍ന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകള്‍ കുറച്ചുകൂടി രസകരമായി എനിക്ക് തോന്നിയിട്ടുണ്ട് കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ ഞങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയുംകൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടുപോകും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങിതന്ന മിഠായികവറുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കൊറോണ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്പോര്‍ട്ട് തൊട്ടിട്ടില്ലെന്നും മീര പറയുന്നു.