“35 വർഷം.. 400ലധികം സിനിമകൾ.. ശശി ആശാനും ഒലിവർ ട്വിസ്റ്റിനും നന്ദി..”: ഇന്ദ്രൻസിന് ജന്മദിന ആശംസകൾ നേർന്ന് വിജയ് ബാബു
1 min read

“35 വർഷം.. 400ലധികം സിനിമകൾ.. ശശി ആശാനും ഒലിവർ ട്വിസ്റ്റിനും നന്ദി..”: ഇന്ദ്രൻസിന് ജന്മദിന ആശംസകൾ നേർന്ന് വിജയ് ബാബു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. ഇന്ന് ഇന്ദ്രൻസ് അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം തിളങ്ങിയത്. എന്നാൽ പിന്നീട് സ്വഭാവ നടനും തനിക്ക് വഴങ്ങുമെന്ന് ഇന്ദൻസ് തെളിയിച്ചു. വസ്ത്രാലങ്കാര രംഗത്തുനിന്നാണ് ഇന്ദ്രൻസ് അഭിനയത്തിലേക്ക് കടന്നു വന്നത്. വളരെ മെലിഞ്ഞ ശരീര പ്രകൃതി തന്നെയാണ് താരത്തെ കൂടുതൽ പ്രേക്ഷക ശ്രദ്ധേയനാക്കി മാറ്റിയത്.

അഭിനേതാവിനു പുറമേ നല്ലൊരു മനുഷ്യൻ കൂടിയാണ് ഇന്ദ്രൻസ് എന്ന മഹാ നടൻ. താര ജാഡ തീരെ ഇല്ലാത്ത വ്യക്തി. വളരെ സാധാരണമായ ജീവിതമാണ് താരം ഇപ്പോഴും നയിക്കുന്നത്. 400ലധികം സിനിമകളിൽ അഭിനയിച്ച താരം, മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി.

പിറന്നാൾ ദിനത്തിൽ  താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇന്ദ്രൻസിന് ആശംസകളുമായി എത്തുന്നത്. നടൻ വിജയ് ബാബു സോഷ്യൽ മീഡിയയിൽ പിറന്നാളിനോടനുബന്ധിച്ച് കുറിച്ച കുറിപ്പ് വൈറലായി മാറുകയും ചെയ്തു.  “അവിശ്വസനീയമായ ഒരു അഭിനേതാവിന് ഏറ്റവും മികച്ച ജന്മദിനാശംസകൾ.

ഇൻഡസ്ട്രിയിൽ 35 വർഷവും 400+ സിനിമകളും പൂർത്തിയാക്കിയ ശേഷവും എങ്ങനെ വിനയം കാണിക്കാമെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ലവ് യു ഇന്ദ്രൻസ് ഏട്ടാ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരു മികച്ച യാത്രയായിരുന്നു നിങ്ങളോടൊപ്പം ഉണ്ടായിരുന്നത്. അവിസ്മരണീയമായ ഒലിവർ ട്വിസ്റ്റും, ശശി ആശാനും!” ഇങ്ങനെയാണ് ഫേസ്ബുക്കിൽ നടൻ വിജയ് ബാബു കുറിച്ചത്. ഇരുവരും ഒന്നിച്ച് ഹോം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഇന്ദ്രൻസ് നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലെ സൈക്കോളജിസ്റ്റ് ആയിട്ടാണ് വിജയ് ബാബു എത്തിയത്.

ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയായിരുന്നു ഹോം. ഈ സിനിമയിലെ ഇന്ദ്രൻസിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും താരം നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചത്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പട എന്ന സിനിമയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ്. അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് ഏവരും ആശംസകളുമായി എത്തുകയാണ്.