”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ
1 min read

”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും. അതായിരിക്കും ആദ്യം നോക്കുന്നത്. അവരുടെ ക്യാരക്ടറിസ്റ്റിക്സ് എല്ലാം ഡിസ്കസ് ചെയ്യും. അതിന് ശേഷമായിരിക്കും ഇങ്ങനെയുള്ള സ്വഭാവമുള്ളയാള്‍ പോലീസായാൽ എന്തൊക്കെ ചെയ്യുമെന്ന് നോക്കുന്നത്. സ്ക്രിപ്റ്റിൽ തന്നെ ഭൂരിഭാഗം ഡീറ്റെയിൽ ആയി നമുക്ക് കിട്ടും. റൈറ്ററും ഡയറക്ടറുമൊക്കെയായി സംസാരിച്ച് ഒരു ഐഡിയ ഉണ്ടാക്കും. ഷൂട്ടിന് തലേന്ന് കുറേനേരം ഞങ്ങൾ സംസാരിച്ചിരിക്കും.

ഒരു പോലീസുകാരൻ ഞങ്ങളെ സഹായിക്കാനായുണ്ടായിരുന്നു. അദ്ദേഹം എസ്ഐ ആണ്. കൂടാതെ ഒരു ആക്ടിങ് ട്രെയിനറുമായും വീഡിയോ കോളിൽ കൺസൾട്ട് ചെയ്യും. അങ്ങനെയൊരു മനുഷ്യന്‍റെ മാനസിക വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നും പോലീസായാൽ അതൊക്കെ മാറുമോ എന്നൊക്കെ നോക്കും. അയാളുടെ ബോഡി ലാഗ്വേജ് എങ്ങനെ വേണം എന്നൊക്കെ നോക്കാറുണ്ട്”, തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ മീറ്റ് ദി ക്രൂ ഇന്‍ർവ്യൂവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ടൊവിനോ ഇത് പറഞ്ഞത്. ടൊവിനോയെ കൂടാതെ ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, കോട്ടയം നസീർ, ജിനു വി എബ്രഹാം, സൈജു ശ്രീധർ തുടങ്ങിയവരും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. 2 മില്യൺ കാഴ്ചക്കാരിലേറെ നേടി ട്രെയിലർ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്.

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.