മമ്മൂട്ടിയുടെ ഏറ്റവും മികച്ച 10 സിനിമകൾ; തിരഞ്ഞെടുപ്പ് നടത്തി മാതൃഭൂമി
മലയാളി മനസ്സിനെ കീഴടക്കിയ ദീപ്തപൗരുഷമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടനും താരവും വ്യക്തിയുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങളാണ് മാതൃഭൂമി തിരഞ്ഞെടുത്തത്. മമ്മൂട്ടി സ്പെഷൽ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിലാണ് ഇദ്ദേഹത്തിന്റെ മികച്ച 10 സിനിമകളെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആവനാഴി, ന്യൂഡൽഹി, തനിയാവർത്തനം, ഒരു സി. ബി. ഐ ഡയറിക്കുറിപ്പ്, ഒരു വടക്കൻ വീരഗാഥ, അമരം, വാൽസല്യം, വിധേയൻ, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് എന്നീ പത്ത് ചിത്രങ്ങളാണ് മാതൃഭൂമി തിരഞ്ഞെടുത്തിരിക്കുന്നത്.
1. ആവനാഴി
മലയാളം കണ്ട ഏറ്റവും മികച്ച പോലീസ് സിനിമയാണ് ആവനാഴി. പീതാമോദരന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണിത്. 1986 പുറത്തിറങ്ങിയ അവനാഴിയിൽ സർക്കിൾ ഇൻസ്പെക്ടർ ബൽറാമായാണ് മമ്മൂട്ടി എത്തിയത്. നിഷേധി ആയിട്ടുള്ള കഥാപാത്രങ്ങളായിരിക്കും മിക്കപ്പോഴും ഐ. വി. ശശിയുടെത്. അത്തരത്തിലൊരു കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്നായി അത് മാറി. വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ഈ ചിത്രം. ഈ സിനിമ തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തു. തമിഴിൽ കടമൈ കന്നിയം കാത്തുപാടു എന്ന പേരിലും തെലുങ്കിൽ മരണ ശാസനം എന്ന പേരിലും ഹിന്ദിയിൽ സത്യമേവ ജയതേ എന്ന പേരിലും ആവനാഴി റീമേക്ക് ചെയ്യപ്പെട്ടു. ആവനാഴിയുടെ തുടർച്ചയായി ഇൻസ്പെക്ടർ ബൽറാം, ബൽറാം വേഴ്സസ് താരദാസ് എന്നീ ചിത്രങ്ങളും വന്നു. ഐ. വി. ശശി തന്നെയായിരുന്നു ഈ ചിത്രങ്ങളും സംവിധാനം ചെയ്തത്.
2. ന്യൂഡൽഹി
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ന്യൂഡൽഹി. മമ്മൂട്ടിയെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രം കൂടിയാണിത്. പത്ര വ്യവസായം പശ്ചാത്തലം ആക്കി ഒരുക്കിയ ചിത്രമാണ് ന്യൂഡൽഹി. സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി, ദേവൻ, ജഗന്നാഥവർമ്മ, വിജയരാഘവൻ തുടങ്ങി ഒരു വൻ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും സിനിമ റിമിക്സ് ചെയ്തിരുന്നു. ഇവ മൂന്നും സംവിധാനം ചെയ്തതും ജോഷി തന്നെയായിരുന്നു. ന്യൂഡൽഹി എന്ന സിനിമയുടെ അതിശയിപ്പിക്കുന്ന വിജയം തെന്നിന്ത്യയിലെ തന്നെ വലിയ പ്രൊഡക്ഷൻ കമ്പനികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. തമിഴിലേക്ക് ന്യൂഡൽഹി റീമേക്ക് ചെയ്യാൻ സൂപ്പർസ്റ്റാർ രജനീകാന്ത് ഡെന്നീസ് ജോസഫിനെ നേരിട്ട് സമീപിച്ചു എന്ന് ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞിരുന്നു.
3. തനിയാവർത്തനം
ലോഹിദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് തനിയാവർത്തനം. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ ലോഹിത് ദാസിന്റെ ആദ്യത്തെ സിനിമയാണ് തനിയാവർത്തനം. ബാലഗോപാലൻ എന്ന സ്കൂൾ മാഷിന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളുടെ ബലിയാടായ ബാലൻ മാഷിന്റെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരൻ ഗോപിയായി വേഷമിട്ടത് മുകേഷ് ആയിരുന്നു. കൂടാതെ തിലകൻ, കവിയൂർ പൊന്നമ്മ, സരിത, ബാബു നമ്പൂതിരി, ഫിലോമിന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
4. ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ്
എസ്. എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി കഥാപാത്രമായ സേതുരാമയ്യർ എന്ന കുറ്റന്വേഷണ ഉദ്യോഗസ്ഥന് ജനപ്രീതി നേടിക്കൊടുത്ത സിനിമയാണിത്. അരക്കയ്യൻ ഷർട്ടും, എണ്ണ തേച്ചു മിനുക്കിയ മുടിയും, സിന്ദൂരക്കുറയും, മുറുക്കി ചുവപ്പിച്ച ചിരിയും, കൈ പിന്നിൽ കെട്ടിയുള്ള നടത്തവുമെല്ലാം ഒരു സി. ബി. ഐ ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി തകർത്ത് അഭിനയിച്ചു. പോളക്കുളം കേസാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. മമ്മൂട്ടിയുടെ സമകാലികനും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അന്വേഷണ ഏജൻസിയുടെ മുൻ ഡയറക്ടറും മായിരുന്ന രാധ വിനോദ് രാജുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇതുവരെ 5 സിനിമകളാണ് ഇതിന്റെ തുടർച്ചയായി ഇറങ്ങിയത്. ജാഗ്രത, സേതുരാമയ്യർ സി. ബി. ഐ, നേരറിയാ സി. ബി. ഐ, സി. ബി. ഐ. 5 ദി ബ്രെയിൻ എന്നിവയാണ് ആ ചിത്രങ്ങൾ.
5. ഒരു വടക്കൻ വീരഗാഥ
എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ക്ലാസിക് ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടുകളിലെ നായകൻ പുത്തൂരം തറവാട്ടിലെ ആരോമൽ ചേകവർ ആണെങ്കിൽ ഈ സിനിമയിലെ നായകൻ ചന്തുവാണ്. ആരോമൽ ചെവറായി വേഷമിട്ടത് സുരേഷ് ഗോപിയാണ്. പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ ചാവേർ ചേകവ യുദ്ധങ്ങളാണ് സിനിമയുടെ പ്രമേയം. ‘ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളെ’ എന്ന സിനിമയിലെ മമ്മൂട്ടി പറയുന്ന പ്രശസ്തമായ ഡയലോഗ് ഏറ്റു പറയാത്ത മലയാളികൾ ചുരുക്കമാണ്. ക്യാപ്റ്റൻ രാജു, ബാലൻ കെ. നായർ, മാധവി, ഗീത തുടങ്ങിയ വൻ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.
6. അമരം
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ഒരച്ഛന്റെ കണ്ണീരിനെയും കിനാവിനെയും കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു അമരം. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ജനകീയ സിനിമകളിൽ ഒന്നായിരുന്നു അമരം. ഈ സിനിമയിൽ മുക്കുവനായ അച്ചൂട്ടി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഒരച്ഛന്റെയും മകളുടെയും ആത്മബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ മകളായ അഭിനയിച്ചത് മാതുവാണ്. മുരളി, കെ. പി. എ. സി. ലളിത, അശോകൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും അവരുടെ നൊമ്പരങ്ങളെയും ഇത്രമേൽ ഒപ്പിയെടുത്ത മലയാള സിനിമ ഇനിയും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
7. വാത്സല്യം
ലോഹിതദാസ് തിരക്കഥയിൽ കൊച്ചി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് വാത്സല്യം. കൃഷിക്കാരനും കുടുംബസ്നേഹിയും തറവാട്ടിലെ മൂത്ത ഏട്ടനുമായ മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അനിയന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ഏട്ടന്റെ കഥ മലയാള സിനിമയിലെ മികച്ച കുടുംബ ഹിറ്റുകളിൽ ഒന്നായി മാറി. ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു. ഈ പ്രകടനത്തിന് 1993 – ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. സിദ്ദിഖ്, ഗീത, സുനിത, ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
8. വിധേയൻ
അടൂർ ഗോപാലകൃഷ്ണൻ തന്നെ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് വിധേയൻ. ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്മിയുടെ വേഷമായിരുന്നു മമ്മൂട്ടി ഈ സിനിമയിൽ ചെയ്തത്. സാഹിത്യകാരൻ സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ ഈ തിരക്കഥ എഴുതിയത്. ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ചു. വിധേയൻ എന്ന സിനിമയ്ക്കും ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരങ്ങൾ ലഭിച്ചു. അടൂർ ഗോപാലകൃഷ്ണനും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് അർഹനായി.
9. രാജമാണിക്യം
ടി. എ. ഷാഹിദിന്റെ തിരക്കഥയിൽ അൻവർ റഷ്യ സംവിധാനം ചെയ്ത 2005 – ൽ പുറത്തിറങ്ങിയ ചിത്രമാണ് രാജമാണിക്യം. പുതുതലമുറയിലെ സംവിധായകനായ അൻവർ റഷീദിന്റെ ആദ്യത്തെ സിനിമയാണ് രാജമാണിക്യം. ബെല്ലാരി രാജ എന്ന രാജമാണിക്യമായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഭാഷയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഭാഷകൊണ്ടും വേഷംകൊണ്ടും ഭാവംകൊണ്ടും മമ്മൂട്ടിയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള അവതരണം ഈ സിനിമയെ റെക്കോർഡ് ഹിറ്റിലെത്തിച്ചു. സാധാരണ സിനിമകളിൽ ഹാസ്യരംഗങ്ങൾ ഹാസ്യ നടന്മാർ കൈകാര്യം ചെയ്യുമ്പോൾ ഈ സിനിമയിൽ അത് നിഷ്പ്രയാസം ചെയ്തത് മമ്മൂട്ടിയാണ്. സലിംകുമാറിനെ പോലെയുള്ള ഹാസിനടന്മാർ കരിയറിൽ കത്തി നിൽക്കുന്ന സമയത്താണ് അവരെ സാക്ഷിനിർത്തിയുള്ള ഈ വൺമാൻ ഷോ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോക്സ് ഓഫീസിന്റെ ചരിത്രം പോലും ഈ സിനിമ മാറ്റിയെഴുതി.
10. പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
രഞ്ജിത്തിന്റെ തിരക്കഥയിൽ രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടൻ. 2010 – ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ചിറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അഭിനയിച്ചത്. തൃശ്ശൂർക്കാരൻ പ്രാഞ്ചിയേട്ടനായി മമ്മൂട്ടി എത്തിയപ്പോൾ മലയാളം കണ്ട മികച്ച ചിത്രമായി ഇത് മാറി. അരിപ്രാഞ്ചി എന്ന വിളിപ്പേര് മാറ്റിയെടുക്കാൻ പത്മശ്രീ അടക്കം നേടാൻ ശ്രമിക്കുന്ന തൃശ്ശൂരിലെ സമ്പന്ന വ്യവസായിയുടെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. സിദ്ദിഖ്, ഇന്നസെന്റ്, പ്രിയാമണി, ഖുശ്ബു, ജഗതി, ശശി കലിംഗ, ടിനി ടോം, മാസ്റ്റർ ഗണപതി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.