‘മമ്മൂക്ക വഴി ഒരുപാട് പാവങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ട്, പുറത്ത് അറിയിക്കില്ല എന്ന് മാത്രം’; ടിനി ടോം
മിമിക്രി താരമായി തിളങ്ങി പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് ടിനി ടോം മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളില്‍ ഡ്യൂപ്പായെത്തി ഒടുവില്‍ സിനിമയില്‍ തന്നെ താരമായ നടനാണ് അദ്ദേഹം. മിമിക്രിയില്‍ മമ്മൂട്ടിയെയാണ് അദ്ദേഹം സ്ഥിരം അനുകരിക്കുന്നത്. അണ്ണന് തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലൊക്കെ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചത് ടിനി ടോം ആണ്.
ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ടിനി ടോം. മമ്മൂട്ടിയും, മോഹന്‍ലാലും രണ്ട് പുസ്തകങ്ങളാണെന്നാണ് ടിനി ടോം പറയുന്നത്. എന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ആണെങ്കിലും സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാന്‍ പഠിച്ചതെന്നാണ് ടിനി ടോം പറയുന്നത്.
അതുപോലെ, മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും, പുറമേ കാണുന്ന പരുക്കന്‍ സ്വഭാവത്തിന് അപ്പുറം കൂടെയുള്ളവരെ ചേര്‍ത്ത് പിടിക്കാനും പാവങ്ങള്‍ക്ക് സഹായം ചെയ്യുവാനും അദ്ദേഹം കാണിക്കുന്ന മനസ്സ് അധികമാരും കാണുന്നില്ലെന്നും ടിനി ടോം വ്യക്തമാക്കി. മമ്മൂട്ടിയോടൊപ്പം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ, അഭിനയിക്കാന്‍ തനിക്ക് സാധിച്ചിട്ടുള്ളുവെന്നും ടിനി ടോം പറഞ്ഞു.
അദ്ദേഹം കുറേ വിവാഹത്തിനും മറ്റുമായി മമ്മൂക്ക സഹായിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കല്‍ സംവിധായകന് ജയരാജന്റെ ഒരു അസിസ്റ്റന്റ് മമ്മൂട്ടിയെ കാണാന്‍ വന്നിരുന്നതായി ഓര്‍ക്കുന്നു. അന്ന് ഞാന്‍ കരുതിയത് പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആണ് എന്നാണ്, പിന്നീടാണ് താന്‍ സത്യം അറിഞ്ഞത്. അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് മമ്മൂക്ക കുറച്ചു പൈസ കൊടുത്തിരുന്നു എന്ന്. ജീവിതത്തിലേക്ക് തിരിച്ചു വന്നതിന് മമ്മൂക്കയെ കണ്ട് നന്ദി പറയാന്‍ വന്നതാണെന്ന്. അങ്ങനെ ഒരുപാട് പേരുടെ പ്രാര്‍ത്ഥന മമ്മൂക്കയോടൊപ്പം ഉണ്ട്. നമ്മള് കരുതുന്ന പോലെ ഉള്ള ഒരാളല്ല മമ്മൂക്ക. വളരെ താഴ്ന്ന ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണെന്നാണ് അദ്ദേഹം ടിനി ടോം കൂട്ടിച്ചേര്‍ത്തു.