‘നഞ്ചിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചത് തന്നെ’; ആ അമ്മ പാടിയ ഫീല്‍ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ല; ഇഷാന്‍ ദേവ്
1 min read

‘നഞ്ചിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചത് തന്നെ’; ആ അമ്മ പാടിയ ഫീല്‍ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ല; ഇഷാന്‍ ദേവ്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശീയ പുരസ്‌കാരമായിരുന്നു. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ചില ആളുകള്‍ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണെന്ന് പറയുമ്പോള്‍ ചില ആളുകള്‍ പറയുന്നത് അത് അവര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം അല്ല എന്നാണ്. ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത് സംഗീതജ്ഞന്‍ ലിനുലാല്‍ ആയിരുന്നു. ‘സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ്’ ലിനു ലാല്‍ പറയുന്നത്.

ലിനുലാലിന്റെ വിമര്‍ശനത്തിന് എതിരെയും നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ബിജിപാല്‍, സിത്താര, ശ്വേത മോനോന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നഞ്ചിയമ്മയ്ക്ക് അര്‍ഹതയുള്ളതു കൊണ്ടു തന്നെയാണ് പുരസ്‌കാരം ലഭിച്ചതെന്നാണ് ഇഷാല്‍ പറയുന്നത്. അവര്‍ പാടിയ ഫീല്‍ ഇവിടെ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ലെന്നും ഇഷാന്‍ ദേവ് പറഞ്ഞു. നഞ്ചിയമ്മയെക്കൊണ്ടു പാട്ട് പാടിപ്പിച്ചപ്പോള്‍ തനിക്കു കിട്ടിയ അനുഭവവും ഇഷാന്‍ ദേവ് പങ്കുവയ്ക്കുന്നുണ്ട്.

ലോകത്തില്‍ ഏറ്റവും ഉദാത്തമായ ഒരു സംഗീത ശാഖ എന്നൊന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നും, മനസ്സിനെ രഞ്ജിപ്പിക്കുന്ന ഒന്നെന്ന നിലയില്‍ സംഗീതം മനസ്സില്‍ നിന്ന് മനസ്സുകളിലേക്ക് ചേക്കേറുന്നു എന്നതേ ഉള്ളുവെന്നും ഇഷാന്‍ ദേവ് പറയുന്നു. ഒന്നും പഠിക്കാതെ പാടി നമ്മെ പിടിച്ചുലക്കുന്ന നാടന്‍ പാട്ടുകളും, കണക്കും ഗമകങ്ങളായി കര്‍ണാടക, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ ക്ലാസിക്കല്‍, ഹിപ്‌ഹോപ്, പോപ്പ്, ഡബ്സ്റ്റെപ്, ജാസ്, ബ്ലൂസ്, റാപ്, ഫ്യൂഷന്‍, ഗോസ്പല്‍, ഈഡിഎം അങ്ങനെ എണ്ണമറ്റ സംഗീത ശാഖകളും ഗായകരും സംഗീതജ്ഞരും ഉള്ളപ്പോള്‍ അറിയാവുന്നത് ആസ്വദിക്കുക അതിനപ്പുറം, നമുക്ക് അറിയാതെ ഉള്ളതിനെ അറിയാന്‍ ശ്രമിക്കുക എന്നതു മാത്രം ചെയ്യാന്‍ കഴിയുവെന്നാണ് ഇഷാന്‍ പറയുന്നത്. കൂടാതെ, നഞ്ചിയമ്മക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചതു തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട. പഠിച്ചതുകൊണ്ടു നല്ല പാട്ടുണ്ടാകില്ലെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ ദേവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

എന്റെ ഭാഗം: നഞ്ചിയമ്മക്ക് എന്തിനാ കൊടുത്തേ?, ലോകത്തില്‍ ഏറ്റവും ഉദാത്തമായ ഒരു സംഗീത ശാഖ എന്നൊന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. മനസ്സിനെ രഞ്ജിപ്പിക്കുന്ന ഒന്നെന്ന നിലയില്‍ സംഗീതം മനസ്സില്‍ നിന്ന് മനസ്സുകളിലേക്ക് ചേക്കേറുന്നു എന്നതേ ഉള്ളു. സംഗീത ആസ്വാദനം എല്ലാവരിലും വിചിത്രമാണ് ഒന്നും പഠിക്കാതെ പാടി നമ്മെ പിടിച്ചുലക്കുന്ന നാടന്‍ പാട്ടുകളും, കണക്കും ഗമകങ്ങളായി കര്‍ണാടക, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ ക്ലാസിക്കല്‍, ഹിപ്‌ഹോപ്, പോപ്പ്, ഡബ്സ്റ്റെപ്, ജാസ്, ബ്ലൂസ്, റാപ്, ഫ്യൂഷന്‍, ഗോസ്പല്‍, ഈഡിഎം അങ്ങനെ എണ്ണമറ്റ സംഗീത ശാഖകളും ഗായകരും സംഗീതജ്ഞരും ഉള്ളപ്പോള്‍ അറിയാവുന്നത് ആസ്വദിക്കുക അതിനപ്പുറം, നമുക്ക് അറിയാതെ ഉള്ളതിനെ അറിയാന്‍ ശ്രമിക്കുക എന്നതു മാത്രം ചെയ്യാന്‍ കഴിയു.ഇനി വിഷയം: നഞ്ചിയമ്മക്ക് അവാര്‍ഡ്, അര്‍ഹിച്ചതു തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട. പഠിച്ചതുകൊണ്ടു നല്ല പാട്ടുണ്ടാകില്ല, പഠിച്ചവര്‍ ഉണ്ടാക്കുന്നത് പോലെ പാട്ടുണ്ടാക്കാനോ പാടാനോ പഠിക്കാത്തവര്‍ക്കും പറ്റില്ല. എല്ലാത്തിനുമുപരി സംഗീതം ഉണ്ടാക്കുന്ന വികാരം എന്ത് എന്നതു മാത്രമേ ബാക്കി ഉള്ളു. ആ നിലയില്‍ നഞ്ചിയമ്മ പാടിയ ഫീല്‍ ഇവിടെ മറ്റൊരു സിങ്ങറിനും പാടാന്‍ സാധ്യമല്ല. ആ കലാകാരിയുടെ ജീവിതം, യാത്ര, സാഹചര്യം, അറിവുകള്‍, ആളുകള്‍ എല്ലാം ആ പാട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. വരികളും സംഗീതവും അറിവും മനസ്സില്‍ നിന്നും മാത്രം ആയിട്ടാണ് ആ നിഷ്‌കളങ്കമായ പാട്ടുകാരിയെ പാടിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഫീല്‍.പിന്നെ, കുറഞ്ഞതല്ല നാടന്‍ പാട്ടുകള്‍. എഴുത്തും വായനയും അറിയാത്തവരുടെ വേദനയും സംസ്‌കാരവും അവരുടെ സന്തോഷങ്ങളും ആണ്. സംഗീതം ആ ഫീലുകളെ പുറത്തു കാണിക്കാന്‍ അവര്‍ക്കുള്ള ഒരു വഴി മാത്രമാണ്. ‘തൊണ്ടകൊണ്ടു ചെയ്യുന്ന പണിയല്ല പാട്ട്, ഒരു ജീവന്റെ ചിന്തയിലെ ജീവലയമാണത്. ഹൃദയം കൊണ്ടാണ് പാട്ടുകള്‍ കേള്‍ക്കേണ്ടത് ചെവികൊണ്ടല്ല’. സംഗീതത്തെ കുറച്ചു കാണുന്ന മതങ്ങളും ഗോത്രങ്ങളും ആളുകളും വേര്‍തിരിവ് എല്ലാത്തിനും കല്പിക്കുന്നവരും ഉള്ള ഒരു ഭൂമിയില്‍ ആണ് നമ്മള്‍ ഉള്ളത്. നമ്മള്‍ കല്പിക്കുന്ന നിലയില്‍ അല്ല സംഗീതം നിലകൊള്ളുന്നതും. ആ നിലയില്‍ അതിനെ ദൈവീകമായി അനുഭവിക്കുന്ന ഒരാളെന്ന നിലയില്‍ പറഞ്ഞതു മാത്രമാണ്. ഇത് എന്റെ ചുരുങ്ങിയ സംഗീത ജീവിതം കൊണ്ടുള്ള ഒരു കുഞ്ഞ് അറിവായി ഒരാള്‍ ഉള്‍കൊണ്ടാല്‍ എന്റെ ജന്മം സഫലമായി.