‘തുറമുഖം കാലത്തിന് കൊടുക്കാവുന്ന മികച്ച കാവ്യനീതി…. ‘; കുറിപ്പ്
1 min read

‘തുറമുഖം കാലത്തിന് കൊടുക്കാവുന്ന മികച്ച കാവ്യനീതി…. ‘; കുറിപ്പ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇപ്പോഴിതാ ചിത്രം ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂര്‍ണരൂപം
തുറമുഖം
കാലത്തിന് കൊടുക്കാവുന്ന മികച്ച കാവ്യനീതി… 👌🔥
കടല് പോലെ ദുഃഖത്തിന്റേയും ദുരിതത്തിന്റേയും ആഴങ്ങളാണ് പെണ്മനസ്സും ജീവിതവും. പുരുഷന്റെ ഏത് വീരേതിഹാസം പറയുമ്പോഴും പക്ഷേ, പെണ്ണിന്റെ ദുരിതം കലര്ന്ന ത്യാഗജീവിതം പലപ്പോഴും പറയാറില്ല. ചരിത്രത്തില് രേഖപ്പെടുത്തിയ വീരേതിഹാസത്തിന് പിന്നിലെ പെണ് ദുരിതത്തിന്റേയും ത്യാഗത്തിന്റേയും കഥയാണ് തുറമുഖം എടുത്തുകാട്ടുന്നത്- ഒറ്റക്കാഴ്ചയില് അതല്ല സിനിമയെന്ന് തോന്നുമെങ്കിലും. തീര്ച്ചയായും തുറമുഖം നിവിന് പോളിയുടെ മട്ടാഞ്ചേരി മൊയ്തുവിന്റെ സിനിമയല്ല. ഉമ്മയായി വേഷമിട്ട പൂര്ണിമ ഇന്ദ്രജിത്തിന്റേയും ഖദീജയായ ദര്ശന രാജേന്ദ്രന്റേയും ഉമാനിയായ നിമിഷ സജയന്റേയും ചിത്രമാണത്. അതോടൊപ്പം തലയുയര്ത്തി നില്ക്കുന്നത് അര്ജുന് അശോകന്റെ ഹംസയും.
മട്ടാഞ്ചേരി തുറമുഖത്ത് 1940കളിലും 1950കളിലും നിലനിന്നിരുന്ന ചാപ്പയേറും അത് കിട്ടാനും അതിലൂടെ പണിയെടുക്കാനുമായി തൊഴിലാളികള് നടത്തിയ കടുത്ത പോരാട്ടത്തിന്റേയും നാളുകളാണ് ‘തുറമുഖം’ പറയുന്നത്. ഉമ്മയായി പൂര്ണിമ ഇന്ദ്രജിത്ത് മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അര്ജുന് അശോകന്റെ ഹംസ സിനിമയിലുടനീളം നിറഞ്ഞു നില്ക്കുന്നുവെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അഭിനയ ജീവതത്തില് ഇതുവരെയുള്ള ഏറ്റവും മികച്ച കഥാപാത്രവുമാണത്. അര്ജുന് അശോകന് ഹംസയെ കൊടുക്കാനുള്ള രാജീവ് രവിയുടെ ധൈര്യത്തിനാണ് കൈയടി കൊടുക്കേണ്ടത്.

കല്ല്യാണം കഴിഞ്ഞ് പോയെങ്കിലും കപ്പല് രോഗം (പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ്) ബാധിച്ച് തിരിച്ചെത്തുന്ന ഖദീജയും, യൗവനത്തിലേ ഭര്ത്താവിനെ നഷ്ടപ്പെട്ടിട്ടും മക്കള്ക്കു വേണ്ടി പിടിച്ചു നിന്ന പൂര്ണിമ ഇന്ദ്രജിത്തിന്റെ ഉമ്മയും, കല്ല്യാണം കഴിച്ചില്ലെങ്കിലും അയാളുടെ ഭാര്യയായി അറിയപ്പെടുകയും എന്നാല് ഒരിക്കലും ഭാര്യയുടെ അവകാശങ്ങളും അധികാരങ്ങളുമൊന്നും കിട്ടാതിരിക്കുകയും ചെയ്ത ഉമ്മാനിയായ നിമിഷ സജയനും ഒരേ കൂരയ്ക്ക് താഴെ മികച്ച ഭാവങ്ങളോടെ ഒറ്റ ഷോട്ടില് വരുന്ന നിരവധി രംഗങ്ങൾ ഭംഗിയായി സിനിമയിൽ ഒരുക്കിയിട്ടുണ്ട്.

മൂന്നുമണിക്കൂറോളം സമയം ദൈര്ഘ്യമുള്ള തുറമുഖം സിനിമ ആദ്യത്തെ അരമണിക്കൂറെങ്കിലും കറുപ്പിലും വെളുപ്പിലുമാണ് നീങ്ങുന്നത്. മട്ടാഞ്ചേരിയിലെ പഴയകാല തൊഴിലാളികളുടെ കഥ പറയാന് കറുപ്പും വെളുപ്പുമല്ലാതെ ഉപയോഗിക്കാന് വേറെ നിറം തീര്ച്ചയായും ഇല്ല. സ്വാതന്ത്ര്യാനന്തരം മൈമൂദിന്റെ മക്കള് വളര്ന്നു യുവത്വത്തിലേക്കെത്തിയതു മുതലാണ് സിനിമ കളറാകുന്നത്. ഫ്‌ളാഷ്ബാക്കില് കഥ പോകുമ്പോഴും ബ്ലാക്ക് ആന്റ് വൈറ്റില് തന്നെ അവതരിപ്പിക്കാന് സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്.
‘കാട്ടാളന്മാര് നാടുഭരിച്ച് നാട്ടില് തീമഴ പെയ്തപ്പോള് പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ…’ എന്ന മുദ്രാവാക്യം വിളിച്ച് കരിപ്പാലം മൈതാനിയില് നിന്നും പുറപ്പെട്ട് ബസാര് റോഡിലേക്കുള്ള ചക്കരയിടുക്ക് കവലയിലെത്തിയ തൊഴിലാളി പ്രക്ഷോഭത്തിനു നേരെ വെടിവെയ്പും പോലീസുകാര്ക്കു നേരെ കല്ലേറും നടത്തിയ അതേ കഥയുടെ സാങ്കല്പ്പിക ദൃശ്യാവിഷ്‌ക്കാരമാണ് തുറമുഖത്തിലുള്ളത്.
സംവിധാനത്തിന്റേയും ക്യാമറയുടേയും മികവുകള്ക്കൊപ്പം തിരക്കഥയുടെ ശക്തിയും ഈ ചിത്രത്തിന്റെ എടുത്തുപറയേണ്ടുന്ന സവിശേഷതയാണ്. ഇരുളും വെളിച്ചവും കലര്ന്ന രംഗങ്ങളും അഭിനേതാവിന്റെ ഭാവം മാത്രം പകര്ത്താന് കഥാപാത്രത്തിന്റെ മുഖത്തേക്ക് നിമിഷങ്ങളോളം തുറന്നുവെച്ച ക്യാമറയും ക്ലോസപ്‌ഷോട്ടിന്റെ മനോഹാരിതയും തുറമുഖത്തില് വ്യത്യസ്തമായ കാഴ്ചകള് ഒരുക്കുന്നുണ്ട്. കൊച്ചിക്കു പുറമേ കണ്ണൂരിലും തലശ്ശേരിയിലുമാണ് തുറമുഖം ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് തുറമുഖ നഗരങ്ങളിലായി പഴയകാലം തീര്ത്തെടുത്ത ‘തുറമുഖ’ത്തിന് എ വി ഗോകുല് ദാസിന്റെ കലാസംവിധാനവും ബി അജിത്ത് കുമാറിന്റെ എഡിറ്റിംഗും സിനിമയ്ക്കുപയോഗിച്ച കളറിംഗും ചേര്ന്നപ്പോള് മൂന്നിടങ്ങളും മട്ടാഞ്ചേരിയാണെന്ന ഫീല് നല്കിയിട്ടുണ്ട്.
മൊത്തത്തിൽ ചരിത്രത്തിനോട് നീതി പുലർത്തി പുറത്തുവന്ന മികച്ചൊരു periodic film തന്നെയാണ് തുറമുഖം.