‘തേന്മാവിന്‍ കൊമ്പത്ത്’ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് ; ചിത്രം റി-റിലീസിന്
1 min read

‘തേന്മാവിന്‍ കൊമ്പത്ത്’ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് ; ചിത്രം റി-റിലീസിന്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരു കാലത്ത് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം തുടര്‍ച്ചയായ വിജയ ചിത്രങ്ങളായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങളിലൂടെയാണ് ഈ കൂട്ടുകെട്ട് കൂടുതല്‍ തിളങ്ങിയിരുന്നത്. തേന്മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും കാഴ്ചക്കാര്‍ ഏറെയാണ്. കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ‘മുത്തു’ എന്ന പേരില്‍ എത്തിയ ചിത്രത്തില്‍ നായകനായി എത്തിയത് രജനികാന്ത് ആണ്.

രജനികാന്ത് മുത്തുവെന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. മലയാളത്തില്‍ ശോഭന ആയിരുന്നു നായിക എങ്കില്‍ തമിഴില്‍ മീന ആയിരുന്നു നായിക. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റി-റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് വെര്‍ഷനാണ് റിലീസ് ചെയ്യുക. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററിലെത്തും. ഇതുമായി ബന്ധപ്പെട്ട് ട്രെയിലറും റിലീസ് ചെയ്തിട്ടുണ്ട്. 1995ല്‍ ആണ് മുത്തു റിലീസ് ചെയ്യുന്നത്. അന്നത്തെ കാലത്ത് ചിത്രം നേടിയത് നാല്‍പത് കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കെ എസ് രവികുമാര്‍ ആയിരുന്നു സംവിധാനം. ശരത് ബാബു, രാധാ രവി, സെന്തില്‍, വടിവേലു, ജയഭാരതി, ശുഭശ്രീ, വിചിത്ര, തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അശോക് രാജന്‍ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ എഡിറ്റിംഗ് ചെയ്തത് കെ തനികാചലം ആണ്. എ ആര്‍ റഹ്‌മാന്‍ ആയിരുന്നു മുത്തുവിന്റെ സംഗീത സംവിധാനം. എല്ലാ പാട്ടുകളും തന്നെ ഹിറ്റ് ആകുകയും ഇന്നും അവയ്ക്ക് ആസ്വാദകര്‍ ഏറെയാണ്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ ആയിരുന്നു ‘തേന്‍മാവിന്‍ കൊമ്പത്ത്’ റിലീസ് ചെയ്തത്. തേന്മാവിന്‍ കൊമ്പത്തിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. മോഹന്‍ലാല്‍,ശോഭന,കുതിരവട്ടം പപ്പു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സിനിമയിലെ സീന്‍ ടെലിവിഷന്‍ ചാനലുകളില്‍ എപ്പോഴും വരാറുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക്ക് കോമഡി സിനിമകളിലൊന്നായി കൂടിയാണ് തേന്മാവിന്‍ കൊമ്പത്ത് അറിയപ്പെടുന്നത്. അതേസമയം, തലൈവര്‍ 170ല്‍ ആണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.