പ്രേതത്തെ ഓടിച്ച ആ വജ്രായുധം എന്താണ്..?? സംവിധായകൻ ജോഫിൻ ടി. ചാക്കോ വിശദീകരിക്കുന്നു
മമ്മൂട്ടി നായകനായി അഭിനയിച്ച പുതിയ ചിത്രം ‘ദി പ്രീസ്റ്റ്’ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഉള്ളിൽ തങ്ങി നിൽക്കുന്ന ഒരു സംശയമുണ്ട്. ‘എന്നാലും മമ്മൂട്ടി ബാധ ഒഴിപ്പിച്ച ആ ഉപകരണം എന്താണ്..?’ കൂടുതൽ ആൾക്കാരിലേക്ക് ഈ സംശയം എത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ശരീരത്തിൽ കൂടിയ ആത്മാവിനെ ഒഴിപ്പിക്കാൻ മമ്മൂട്ടിയുടെ കഥാപാത്രമായ ഫാദർ ബനഡിക്റ്റിന്റെ കയ്യിലുള്ള വജ്രായുധം ‘ഫിയർ ഫ്രീക്വൻസി’ ഉപകരണം എന്താണെന്ന് അറിയാൻ വേണ്ടി ഗൂഗിളിൽ തിരഞ്ഞാൽ പോലും ഒരു ഫലവും ഉണ്ടാകില്ല. കാരണം അത് സംവിധായകനായ ജോഫിയുടെ ആസൂത്രണം ആയിരുന്നു, വ്യക്തമായി പറഞ്ഞാൽ ഒരു ഡയറക്ടർ ബ്രില്ല്യൻസ്. സംവിധായകന്റെ ആശയം ഉൾക്കൊണ്ട സൗണ്ട് ഡിസൈനർ സി. ജയദേവന്റെ ഇടപെടൽ കൂടി ഉണ്ടായപ്പോൾ. വളരെ വിശ്വസനീയമായ രീതിയിൽ പ്രേത ബാധ ഒഴിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയുടെ ഉപകരണം ചിത്രത്തിൽ അനാവരണം ചെയ്യപ്പെട്ടു. വളരെ വിശദമായ പഠനങ്ങൾക്ക് ഒടുവിലാണ് സംവിധായകൻ ജോഫിൻ ടി.ചാക്കോ ഇത്തരത്തിൽ ഒരു ഉപകരണം കഥയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതിനെക്കുറിച്ചുള്ള വിശദീകരണം മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിനു വേണ്ടി കുറച്ച് പാരസൈക്കോളജിസ്റ്റുകളെ കണ്ടിരുന്നു. ആത്മാവുമായി ബന്ധപ്പെട്ട തിയറികൾ ഓരോരുത്തരിലും വളരെ വ്യത്യസ്ത രീതിയിലാണുള്ളത്.അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പുതിയ പല അറിവുകളും സൃഷ്ടിക്കാൻ ശ്രമിച്ചു.ബാധ ഒഴിപ്പിക്കാൻ ആയിമമ്മൂട്ടിയുടെ കഥാപാത്രം ചില ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. തീവ്രത കൂടിയ ലൈറ്റുകൾ ആത്മാക്കളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊന്നും ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. പ്രശസ്തരായ പല പാരാ സൈക്കോളജിസ്റ്റുകളിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ള നിരവധി ശൈലികൾ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാദർ എന്റെ കയ്യിൽ എപ്പോഴും തീവ്രത കൂടിയ മറ്റൊരു ഉപകരണം കൂടിയുണ്ട്. ഫിയർ ഫ്രീക്വൻസി എന്ന് പേരുള്ള പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണം. സാധാരണ മനുഷ്യന് 20 ഹെഡ്സ് മുതൽ 20,000 ഹെഡ്സ് വരെയുള്ള ശബ്ദം മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ.
അതിന്റെ മുകളിലേക്കോ താഴേക്കൊ ഉള്ള ശബ്ദങ്ങൾ മനസ്സിലാക്കാൻ നായ പോലുള്ള ചില മൃഗങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ബാധയേറ്റ ഒരാൾക്ക് മൃഗങ്ങൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദം കേൾക്കാം എന്നും അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണെന്നും ഈ ചിത്രത്തിന് വേണ്ടി ഒരു തിയറി ഉണ്ടാക്കുകയാണ് ചെയ്തത്.ഇതൊക്കെ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു കഥ മാത്രമാണ്. ഈ ഉപകരണം മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുമ്പോൾ പേപ്പറിൽ ഇരിക്കുന്ന പ്രേക്ഷകന് ആ ഒരു ഫീൽ കിട്ടണം അതുകൊണ്ട് ഉയർന്നതും താഴ്ന്നതുമായ ഫ്രീക്വൻസിയിൽ ശബ്ദം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരിൽ ചിലർക്ക് ശാരീരികമായ പല ബുദ്ധിമുട്ടുകളും അതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ആ പ്രത്യേകതരം ശബ്ദം കേൾപ്പിച്ചികിട്ടുള്ളൂ.അതെല്ലാം മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സംവിധായകൻ ജോഫിൻ ടി.ചാക്കോ പറയുന്നു.