‘ഇന്ത്യ ഒരാളുടേയും  തന്തയുടെ വകയല്ല’!! ; ‘ജന ഗണ മന’യിലെ രാഷ്ട്രീയം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു.. സിനിമ സൂപ്പർ ഹിറ്റ്
1 min read

‘ഇന്ത്യ ഒരാളുടേയും തന്തയുടെ വകയല്ല’!! ; ‘ജന ഗണ മന’യിലെ രാഷ്ട്രീയം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു.. സിനിമ സൂപ്പർ ഹിറ്റ്

പൃഥ്വിരാജിനേയും, സുരാജ് വെഞ്ഞാറമൂടിനേയും മുഖ്യ കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ജന ഗണ മന – യുടെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ നേടിയതോടൊപ്പം തന്നെ പല തരത്തിലുള്ള വിമർശനങ്ങളും ചിത്രത്തിന് നേരേ ഉയർന്നിരുന്നു. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ’ ഇതെന്ന സിനിമയിലെ പൃഥ്വിരാജിൻ്റെ ഡയലോഗാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിലെ ഓരോ ഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിന് നേരേ ഭരണകൂടം ഉയർത്തുന്ന മുസ്‌ലിം വിരുദ്ധതയും, ജാതിയെ അടിസ്ഥാനമാക്കിയുള്ള ജാതിരാഷ്ട്രീയവും, സാഹചര്യത്തിനും, സന്ദർഭത്തിനും അനുസൃതമായി ചിലവഴിക്കപ്പെടുന്ന വോട്ട് രാഷ്ട്രീയുവുമാണ് ജന ഗണ മനയില്‍ ഉയർത്തികാണിക്കുന്ന പ്രധാന വിഷയങ്ങൾ. ജനാധിപത്യ വിരുദ്ധതയ്ക്കും, ഫാഷിസ്റ്റുകൾക്കും നേരേ ശബ്ദമുയർത്തുന്ന നിലപാടാണ് സിനിമ കൈക്കൊള്ളുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു കേൾക്കുന്നു.

ചിത്രത്തിൻ്റെ ആരംഭത്തിൽ തന്നെ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്നയാള്‍ വിദ്യാര്‍ത്ഥികളോട് പറയുന്ന ഒരു രംഗമുണ്ട്. ഇതിന് തൊട്ട് പിന്നാലെ തന്നെ വിന്‍സി അലോഷ്യസ് അവതരിപ്പിച്ച കഥാപാത്രമായ ഗൗരി ആ പരാമർശം നടത്തിയ വ്യക്തിയോടുള്ള വെല്ലുവിളിയായി തൻ്റെ കൈയിലുള്ള ഷോൾ തലയിലൂടെ ധരിച്ചുകൊണ്ട് പോകുന്നത് നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ ഒരു പ്രതിഷേധം പ്രകടമാക്കുകയായിരുന്നു. അതേസമയം ഇന്ത്യയെ ഒന്നാകെ പിടിച്ചു കുലുക്കിയ കര്‍ഷക സമരത്തിനിടിയില്‍ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയും ഈ രംഗങ്ങള്‍ക്കൊപ്പം നിറഞ്ഞു നിന്നു.

കോളേജിൽ വെച്ചുള്ള പ്രതിഷേധത്തിനിടെ പോലീസ് അക്രമണത്തിൽ ഗൗരി തല്ലാന്‍ വരുന്ന പൊലീസിന് നേരെ വിരൽ ചൂണ്ടുന്ന രംഗം മറ്റൊരു യാഥാസ്ഥിക സംഭവത്തെ ഓർമിപ്പിക്കുകയിരുന്നു. ഇന്ത്യയിൽ ഒന്നാകെ ഏറെ ചർച്ച ചെയ്യാപ്പെട്ട പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ (എൻആർസി) സമരം ചെയ്യുന്നതിനിടയിൽ ഡൽഹിയിൽ വെച്ച് മലയാളി വിദ്യാർത്ഥിനിയായ ആയിഷ പൊലീസിന് നേരേ വിരൽ ചൂണ്ടുന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തെയായിരുന്നു  അതിലൂടെ പ്രകടമാക്കാൻ ശ്രമിച്ചത്  . ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന റിപബ്ലിക്ക് ടി.വി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയുന്നത് ആന്റി- നാഷണലിസ്റ്റുകളെന്നാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ മന്ത്രി തന്നെ ഇവിടെ നോട്ടും നിരോധിക്കും വേണമെങ്കില്‍ വോട്ടും നിരോധിക്കും എന്ന് പറയുന്ന സംഭവം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ ഏർപ്പെടുത്തിയ നോട്ട് നിരോധനത്തെ ഓർമിപ്പിക്കുന്നു.  ചിത്രത്തിൻ്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജും ഈ ഡയലോഗ് ആവർത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജാതീയ വിവേചനവും, ചിത്രത്തിൽ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ കുറിപ്പിൽ തൻ്റെ ജന്മത്തെ കുറ്റപ്പെടുത്തിയുള്ള വാചകങ്ങൾ കാണിക്കുമ്പോൾ 2016 – ല്‍ ഹൈദരബാദ് സര്‍വകാലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂല എന്ന ദളിത് വിദ്യാർത്ഥിയുടെ ആത്മഹ്യ കുറിപ്പിനെനെയാണ് തുറന്നു കാണിക്കുവാൻ ചിത്രം ശ്രമിക്കുന്നത്. ജന ഗണ മന- യുടെ രണ്ടാം പകുതിയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന “ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല” എന്ന ഡയലോഗും ശ്രദ്ധ നേടി.  ജന ഗണ മന അവസാനിക്കുമ്പോള്‍ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കുന്നുത് ഉള്‍പ്പെടെയുള്ള ഗൗരി എന്ന കഥാപാത്രത്തിൻ്റെ ഡയലോഗുകളും ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സിനിമയാണ് ജന ഗണ മന.  പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ ചിത്രം വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.