മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. കഥ കേട്ടപ്പോൾ മമ്മൂട്ടിയാണ് മനസ്സിൽ വന്നതെന്നും ഈ വേഷം ചെയ്യാൻ മമ്മൂട്ടിക്ക് തന്നെയായിരിക്കും സാധിക്കുക എന്നും ജിയോ ബേബി പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതൽ നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
രാക്കിളിപാട്ട്, സീത കല്യാണം എന്നീ സിനിമകളാണ് മലയാളത്തിൽ ജ്യോതിക നേരത്തെ ചെയ്തിട്ടുള്ളത്. ‘കാതൽ’ എന്ന ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ തമിഴിൽ ‘പ്രണയം’ എന്ന് അർത്ഥം വരുമെങ്കിലും കാതലിനൊപ്പം ‘ദ കോർ’ എന്നു കൂടി പോസ്റ്ററിലെ പേരിലുണ്ട്. ആയതിനാൽ ഏറ്റവും പ്രധാന ഭാഗം എന്ന് അർത്ഥം വരുന്ന മലയാളത്തിലെ കാതലാണ് ചിത്രത്തിന്റെ പേരിലെന്ന് മനസ്സിലാക്കാം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദരാശ് സുകുമാരൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 20 – ന് കാതലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. സാലു കെ തോമസാണ് കാതലിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ,
ആർട്ട് : ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പോടുത്താസ്സ്, സൗണ്ട് ഡിസൈൻ : ടോണി ബാബു എം. പി. എസ്. സി, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ് :അമൽ ചന്ദ്രൻ, കൊ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലമണി, സ്റ്റിൽസ്: ലേബിസൺ ഗോപി, ഡിസൈൻ: ആന്റണീ സ്റ്റീഫൻ, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവർ നിർവഹിക്കുന്നു. ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ ഐ. എഫ്. എഫ്. കെയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.