ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ
1 min read

ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ ആരാധകർ ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.

മാത്രമല്ല, മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ വാലിബന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ ഷോയുടെ കണക്കായി സാമൂഹ്യ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്തായാലും റിലീസിന് മികച്ച കളക്ഷൻ തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബന് ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം പ്രേക്ഷകർ അത്രയ്ക്കും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കൂടാതെ പത്ര സമ്മേളനങ്ങളിലും മറ്റും എൽജെപിയും മോഹൻലാലും പ്രേക്ഷകന് നൽകുന്ന ഹൈപ്പും അങ്ങനെയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ബേബി ജോണിന്റെ വാക്കുകൾ വരെ ആരാധകർ ഏറ്റെടുത്തിരുന്നു.

മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്ന ഒരു റിപ്പോർട്ടിന്റെ ആവേശവും ആരാധകരിൽ നിറയുകയാണ്. കാനഡയിൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോൾ എന്ത് മാജിക് ആയിരിക്കും സംഭവിക്കുന്നത് എന്ന ആവേഷവുമുണ്ട് ആരാധകർക്ക്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആർ ആചാരി, സോണാലി കുൽക്കർണി. ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.