‘മുകുന്ദനുണ്ണിക്ക് ശേഷം വിനീതിന്റെ മികച്ച ഒരു വേഷം, തങ്കം കാണേണ്ട സിനിമയാണ്’; സിനിമകണ്ട പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘മുകുന്ദനുണ്ണിക്ക് ശേഷം വിനീതിന്റെ മികച്ച ഒരു വേഷം, തങ്കം കാണേണ്ട സിനിമയാണ്’; സിനിമകണ്ട പ്രേക്ഷകന്റെ കുറിപ്പ്

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ ചിത്രമാണ് ‘തങ്കം’. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ശ്യാം പുഷ്‌കരന്റെ എഴുത്ത്. പ്രധാന വേഷങ്ങളില്‍ ബിജു മേനോനും വിനീത് ശ്രീനിവാസനും. പ്രതീക്ഷിക്കാന്‍ ആവോളം ചേരുവകളുണ്ടായിരുന്നു ‘തങ്ക’ത്തിന്. റിലീസിനു മുന്നേയുള്ള ഈ പ്രതീക്ഷകള്‍ നിറവേറ്റി തിയറ്റര്‍ കാഴ്ചയിലും പത്തരമാറ്റ് പൊന്ന് തന്നെയാകുന്നു ‘തങ്കം’ എന്നും
കണ്ടുശീലിക്കാത്ത കാഴ്ചാനുഭവം പകരുന്ന ചിത്രമാണ് സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ഈ ചിത്രമെന്നുമെല്ലാമാണ് സിനിമകണ്ടിറങ്ങിയവര്‍ പറയുന്നത്. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

തങ്കം

സ്വര്‍ണത്തിളക്കമുള്ള വ്യഥകളിലേക്ക് ഒരന്വേഷണം. കഥയെക്കുറിച്ചു ഒന്നും പറയാന്‍ പറ്റില്ല, സ്‌പോയിലറുകളുടെ ഘോഷയാത്രയായിരിക്കും. മുകുന്ദനുണ്ണിക്ക് ശേഷം വിനീതിന്റെ മികച്ച ഒരു വേഷം, ബിജു മേനോന്റെ കാര്യം എടുത്തു പറയേണ്ടതില്ല. തൃശ്ശൂര്‍ക്കാര്‍ക്ക് ഏറെ സുപരിചതമായ സ്വര്‍ണപ്പണിക്കാരില്‍ ഒരാള്‍, കടവും കള്ളുകുടിയുമൊക്കെയായി ഒരോളത്തില്‍ ഒഴുകിപ്പോകുന്ന ഒരു ജീവിതം.

തങ്കത്തിലെ ഏറ്റവും മനോഹരമായ കാസ്റ്റിങ് ഗിരീഷ് കുല്‍ക്കര്‍ണിയുടേതാണ്. അഭിനയത്തിന് മാത്രമല്ല തിരക്കഥക്കും ദേശീയ അവാര്‍ഡ് നേടിയ ഗിരീഷ് കുല്‍ക്കര്‍ണിയുടെ വേഷം അനുരാഗ് കശ്യപിന്റെ അഗ്ലിയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ക്ക് മുകളില്‍ നില്‍ക്കുന്നുണ്ട്. പക്ഷെ അനായാസമായ അഭിനയം കൊണ്ടും അസാധ്യ കൗണ്ടറുകള്‍ കൊണ്ടും ഒരു സീരിയസ് സിനിമയിലുടനീളം ചിരി വിതറുന്നുണ്ട് വിനീത് തട്ടില്‍ ജീവന്‍ നല്‍കിയ ബിജോയ് എന്ന കഥാപാത്രം. ഈ കഥാപാത്രത്തിന് ബിജോയ് എന്ന പേരല്ലാതെ വേറെ എന്താണ് ചേരുക?

തങ്കം കാണേണ്ട സിനിമയാണ്, കെ ജി ജോര്‍ജിന്റെ യവനികയും കെ എന്‍ ശശിധരന്റെ കാണാതായ പെണ്‍കുട്ടിയും പോലുള്ള ത്രില്ലറുകള്‍ കണ്ടാസ്വദിച്ച എന്റെ തലമുറക്ക് തങ്കം ഒരു തിരിച്ചു പോക്കാണ്, പുത്തന്‍ തലമുറയിലെ സിനിമാസ്വാദകര്‍ക്ക് കണ്ടു തുടങ്ങിവെക്കാന്‍ കഴിയുന്ന ഒരു ക്ളാസ് ത്രില്ലര്‍ സിനിമയും. നന്ദി ശഹീദ് അറഫാത്ത്, ശ്യാം പുഷ്‌ക്കരന്‍, ദില്ലീഷ് പോത്തന്‍, ഫഹദ് ഫാസില്‍. ഗൗതം ശങ്കറിന്റെ കാമറ പലപ്പോഴും ഇതൊരു വിദേശ സിനിമയാണോ എന്ന് തോന്നിപ്പിക്കും. പ്രത്യേകിച്ച് എക്‌സ്ട്രീം വൈഡ് ഷോട്ടുകള്‍, ഗണേഷ് മാരാരുടെ ശബ്ദ സംവിധാനവും സിനിമാനുഭവത്തിന്റെ മാറ്റ് കൂട്ടുന്നു.