‘അന്ന് ജാഡക്കാരനെന്ന് വിളിച്ചു, ഇന്ന് കഥ മാറി, അവർ കിരീടം ചൂടിപ്പിക്കുന്നു’; പൃഥ്വിരാജിനെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ
1 min read

‘അന്ന് ജാഡക്കാരനെന്ന് വിളിച്ചു, ഇന്ന് കഥ മാറി, അവർ കിരീടം ചൂടിപ്പിക്കുന്നു’; പൃഥ്വിരാജിനെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ

ആടുജീവിതം തീയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു. 30 കിലോയോളം ഭാരമാണ് താരം ആടുജീവിതത്തിനായി കുറച്ചത്. ബെന്യാമിൻ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ പൃഥ്വി, നജീബ് ആയാണ് എത്തിയത്. ‘മറ്റാര് ചെയ്യും ഇത്രയും ഡെഡിക്കേഷൻ’, ആടുജീവിതത്തിലെ പൃഥ്വിരാജിനെ കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ വാക്കുകളാണിത്. ആ ത്യാ​ഗത്തിന്റെ, ആ ഡെഡിക്കേഷന്റെ യഥാർത്ഥ വിലയാണ് തിയറ്ററിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. സംവിധായകൻ ബ്ലെസിയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഭാഷാഭേദമെന്യെ പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജിനെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

“പൃഥ്വിരാജിനെ ആദ്യം മുതൽ മലയാളികൾ ജഡക്കാരൻ (അഹങ്കാരി) എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്ന് കഥ മാറി. പൃഥ്വിരാജിന് അവർ കിരീടം അണിയിക്കുകയാണ്. ആടുജീവിതം എന്ന സിനിമ അത് സാധ്യമാക്കിയിരിക്കുകയാണ്. കേരള രാജകുമാരന് ഹൃദയം നിറഞ്ഞ സ്നേഹം”, എന്നാണ് വിശൻ വി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 28നാണ് ആടുജീവിതം തിയറ്ററുകളിൽ എത്തിയത്. പതിനാറ് വർഷം നീണ്ട ബ്ലെസിയുടെ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് ഓരോ നിമിഷവും കാട്ടിത്തരികയാണ്. ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുന്ന ചിത്രം ഇതിനോടകം 65കോടിക്ക് മേൽ നേടി കഴിഞ്ഞു. ഇന്നലെ വരെയുള്ള കണക്കാണിത്. രണ്ടാം വാരം പൂർത്തിയാകുന്നതിന് മുൻപ് 100 കോടി തൊടുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തലുകൾ. അമല പോൾ നായികയായി എത്തിയ ചിത്രത്തിൽ ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇവരുടെ പ്രകടനത്തിനും പ്രശംസാപ്രവാഹം ആണ്.