“നവോത്ഥാനം…മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ്… കുറച്ച് ആൾക്കാർ കൊടിയും പിടിച്ചു പോയി..” വിവാദ പരാമർശവുമായി വീണ്ടും സുരേഷ് ഗോപി

സിനിമയിൽ നിന്ന് കളംമാറ്റി ചവിട്ടിയ സുരേഷ് ഗോപിക്ക് വിവാദങ്ങൾ ഒഴിഞ്ഞിട്ട് സമയമില്ല. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നാൾമുതൽ സുരേഷ് ഗോപിയുടെ ഓരോ നിലപാടുകളും പ്രസ്താവനകളും കേരള സമൂഹത്തിൽ വലിയ രീതിയിൽ വിവാദമായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന സാമൂഹ്യരംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കരണസമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളെ കുറിച്ചും നവോത്ഥാന സമരങ്ങളെക്കുറിച്ചും സുരേഷ് ഗോപി നടത്തിയ പരാമർശത്തിനെതിരെ വലിയതോതിലുള്ള വിമർശനമാണ് ഉയർന്നു വരുന്നത്. നവോത്ഥാനം എന്നത് എല്ലാകാലത്തും ഉണ്ടായിട്ടുള്ളതെല്ലേ എന്നു പറഞ്ഞുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന ഐതിഹാസികമായ മഹാ പോരാട്ടത്തെ വിലകുറച്ചു കാണാൻ പ്രരിപ്പിക്കുന്നു എന്നാണ് വിമർശനം വരുന്നത്. വിവാദമായ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ : “നവോത്ഥാനം എല്ലാകാലത്തും ഉണ്ടായിട്ടില്ലേ. അത് വളരെ കാലിക പ്രസക്തിയുള്ളതാണെന്ന് കണക്കുകൂട്ടി കൊണ്ട് നമ്മുടെ മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ്. ഇതൊക്കെ കണ്ടപ്പോൾ കുറച്ച് ആൾക്കാർ കൊടിയും പിടിച്ചു പോയി ഇതെല്ലാം ഞങ്ങളുടെ നേട്ടമാണെന്ന് വരുത്തിത്തീർത്തതേയുള്ളൂ. അത്രയേ ഉള്ളൂ ഈ സത്യാഗ്രഹങ്ങൾ എല്ലാം. ”

ഒട്ടും ചരിത്രബോധമില്ലാത്ത വ്യക്തിയുടെ വാക്കുകൾ ആയാണ് സുരേഷ് ഗോപിയുടെ ഈ പ്രസ്താവന കാണപ്പെടുന്നത്. ജാതി വിവേചനവും ക്ഷേത്രപ്രവേശനവും പോലുള്ള നവോത്ഥാന പ്രവർത്തനങ്ങൾ. മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ് എന്ന് പറയുമ്പോൾ അയ്യങ്കാളി,ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ,കെ.കേളപ്പൻ, സഹോദരൻ അയ്യപ്പൻ,വി.ടി ഭട്ടത്തിരിപ്പാട് തുടങ്ങി നിരവധി സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തെ വിലകുറച്ചു കാണുകയാണ് സുരേഷ് ഗോപി. ഗുരുവായൂർ ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ചിട്ടുള്ള സമരങ്ങളുംപ്രതിഷേധങ്ങളും ആരംഭിക്കുന്നത് 1931 മുതലാണ്. ദേശീയ നേതാവായ ഗാന്ധിജി വരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരംഭിച്ച ഈ സമരത്തിന്റെ ഫലമായാണ് 1936 നവംബർ 12ന് തിരുവിതാംകൂർ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്. വിളംബരം പുറത്തു വന്നുവെങ്കിലും ഏകദേശം പന്ത്രണ്ട് വർഷത്തോളം നീണ്ടുനിന്ന സമരത്തിനൊടുവിൽ ആണ് മഹാഭൂരിപക്ഷം വരുന്ന ആബാലവൃദ്ധ ജനങ്ങൾക്കും ക്ഷേത്രപ്രവേശനം നടത്താനുള്ള അവകാശം ലഭിച്ചത്.

Related Posts

Leave a Reply