“ലാലിനെ അങ്ങനെ ഒന്നും പറയേണ്ടി വന്നിട്ടില്ല, അവന് എപ്പോഴും കൃത്യമായിരിക്കും” ; ജോഷി സാര്‍ എപ്പോഴും പറയുന്ന കാര്യം തുറന്നുപറഞ്ഞു സുരേഷ് ഗോപി
ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി. കൊവിഡിന് തൊട്ട് മുമ്പ് വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ പിന്നാലെ വന്ന ചിത്രം കാവല്‍ ആയിരുന്നു. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മലയാളത്തിന്റെ ഹിറ്റ് കോംബോയാണ് ജോഷിയും സുരേഷ് ഗോപിയും. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് സുരേഷ് ഗോപി പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
ജോഷി സാര്‍ സുരേഷ് ഗോപിയെ വഴക്ക് പറയാറുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി പറയവേ ആയിരുന്നു സൂപ്പര്സ്റ്റാര്സിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്. ജോഷിയുമായി അങ്ങോട്ട് വഴക്കിടാറില്ലെന്നും ജോഷി ഇങ്ങോട്ടാണ് വഴക്ക് പറയാറുള്ളതെന്നും സുരേഷ് ഗോപി പറയുന്നു. വഴക്കല്ല, അതിന് ചില ലെവല്‍സ് ഉണ്ട്. പണ്ടെല്ലാം നല്ല വഴക്ക് പറയാറുണ്ടായിരുന്നു. എന്നെയും മമ്മൂക്കയേയും പറയുമായിരുന്നു. എന്നാല്‍ മോഹന്‍ലാലിനോട് പറയണ്ടി വന്നിട്ടില്ലെന്നും ലാല്‍ എപ്പോഴും കൃത്യമായിരിക്കും എന്നും നിനക്കൊക്കെ ഇടക്ക് ഫോക്കസ് വിട്ടുപോകുമെന്നും അപ്പോള്‍ ആണ് എനിക്ക് ഭ്രാന്ത് കേറുന്നതെന്നും ജോഷി സാര്‍ പറയാറുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ലാല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും മമ്മൂട്ടി അച്ഛനാണോ ബിഗ്ബ്രദര്‍ ആണോ എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു. ചില സമയത്ത് പുള്ളിയുടെ നേച്ചര്‍ അനുസരിച്ച് നില്‍ക്കണം. പക്ഷെ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അപ്പോഴല്ലെങ്കിലും പിന്നീട് അത് ഗുണം ചെയ്തു. ഒരു സിനിമയെ മൊത്തം തോളിലേറ്റെടുക്കുമ്പോള്‍ അന്ന് പഠിച്ച പാഠങ്ങള്‍ ഗുണം ചെയ്തുവെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് സുരേഷ് ഗോപി.
അതേസമയം പാപ്പന് ജൂലൈ 29നാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അച്ഛനെയും മകനെയും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ സാധിക്കുന്നതിന്റെ ആകാംഷയും ആരാധകര്‍ക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്. മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.