“ഇന്ത്യൻ മുസ്ലിം അല്ലെങ്കിൽ ഭാരതീയനായ, ഭാരതത്തോട് സ്നേഹമുള്ള മുസ്ലിം അങ്ങനൊന്നില്ല. ഈ മണ്ണിൽ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്നേഹമുള്ളവരാണ്”; സുരേഷ് ഗോപി പറയുന്നു
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. രൂപേഷ് റെയിനിന്റെതാണ് തിരക്കഥ. സെപ്റ്റംബർ 30 – നാണ് മേ ഹൂം മൂസ റിലീസ് ചെയ്തത്. ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ സിനിമയിൽ കാണാം. ഹൃദയത്തിൽ രാജ്യസ്നേഹം നിറഞ്ഞു തുളുമ്പുന്ന സൈനികനായ മുഹമ്മദ് മൂസ എന്ന പൊന്നാനികാരന്റെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചത്. 19 വർഷം പാക്കിസ്ഥാനിലെ ജയിലിൽ കിടന്നതിനുശേഷം ഇന്ത്യയിലേക്ക് തിരകെവരുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം. ഇപ്പോഴിതാ മേ ഹൂം മൂസയുടെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട സുരേഷ് ഗോപി നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.
“ഇന്ത്യൻ മുസ്ലിം അല്ലെങ്കിൽ ഭാരതീയനായ, ഭാരതത്തോട് സ്നേഹമുള്ള മുസ്ലിം അങ്ങനൊന്നില്ല. ഈ മണ്ണിൽ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്നേഹമുള്ളവരാണ്. രാഷ്ട്രീയ ദുരുപയോഗത്തിന് വേണ്ടി സെഗ്മെന്റലൈസ് ചെയ്ത് ചില ആൾക്കാർ ദുരുപയോഗം ചെയ്യുന്നു. അവർ ചെയ്യുന്നതോ ചിന്തിക്കുന്നതോ എന്തെങ്കിലും രാജ്യത്തിന് ദോഷമായി മാറുന്നുണ്ടെങ്കിൽ അവരെയാണ് രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നത്”. സുരേഷ് ഗോപി പറയുന്നു. മേ ഹൂം മൂസയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിൽ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് തുറന്നു കാണിക്കുന്ന സിനിമയാണ് ഇത് എന്നും നാമെല്ലാം ഒന്നിച്ചു നിൽക്കേണ്ടവരാണ് എന്ന് കാണിച്ചു തരുന്ന സഹോദര്യത്തിന്‍റെ സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അതേസമയം മേ ഹൂം മൂസയുടെ റിലീസിന് മുമ്പ് പുറത്തിറക്കിയ പോസ്റ്റർ വിവാദത്തിലായിരുന്നു. കണ്ടോനെ കൊന്ന് സ്വർഗ്ഗം തെണ്ടി നടക്കുന്ന മാപ്പിളയെല്ലാ മൂസ ഇന്ത്യയ്ക്ക് വേണ്ടി ചാകാൻ ഇറങ്ങിയ ഇസ്ലാമാണ് മൂസ എന്ന ക്യാപ്ഷനോട് കൂടി പുറത്തിറങ്ങിയ പോസ്റ്റർ ആണ് വിവാദത്തിലായത്. അതുകൂടാതെ ചിത്രത്തിന്റെ റിലീസിന് പിന്നാലെ മറ്റു വിമർശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിലെ റേപ്പ് ജോക്കിനെതിരെയും ഇസ്ലാമോ ഫോബിക് ഡയലോഗിനെതിരെയുമാണ് വിമർശനങ്ങൾ ഉണ്ടായത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, സൃന്ദ, അശ്വിനി, ജിഞ്ചന കണ്ണൻ, സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.