വിമർശനാത്മകമായി ‘അനിയത്തിപ്രാവി’ന്റെ സന്ദേശത്തെ വിലയിരുത്തുകയാണിവിടെ !! വൈറലായ അശ്വിൻ രവിയുടെ കുറിപ്പ്
1 min read

വിമർശനാത്മകമായി ‘അനിയത്തിപ്രാവി’ന്റെ സന്ദേശത്തെ വിലയിരുത്തുകയാണിവിടെ !! വൈറലായ അശ്വിൻ രവിയുടെ കുറിപ്പ്

1997-ൽ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രം മലയാള സിനിമയിലെ ഒരു അത്ഭുത ചിത്രമായി ഇന്നും കണക്കാക്കപ്പെടുന്നു. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ആദ്യ ചിത്രം തന്നെ ബോക്സോഫീസിൽ ഗംഭീര വിജയം ആയതും മലയാള സിനിമയിലെ ഒരു വലിയ ചരിത്രത്തിന്റെ അടയാളം കൂടിയായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിന് വർഷങ്ങൾക്കിപ്പുറവും വലിയ രീതിയിലുള്ള ആരാധകർ നിലനിൽക്കുമ്പോൾ ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ വിമർശനാത്മകമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വിൻ രവി എന്ന വ്യക്തി. വളരെ സാമൂഹികപ്രസക്തിയുള്ള ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. വിശദമായ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ; “അനിയത്തി പ്രാവ് ഒരിക്കലും ഒരു കാലാതിവർത്തിയായ സിനിമയല്ല. അതിറങ്ങിയ കാലഘട്ടത്തിലെ പ്രണയങ്ങളെ പോലും ആ സിനിമയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ഇന്ന് നോക്കുമ്പോൾ ഔസേപ്പച്ചന്റെ സംഗീതം ഒഴിച്ചാൽ കഥയും സംഭാഷണങ്ങളും എല്ലാം ക്രിഞ്ചാണ്. പക്ഷെ മലയാളസിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ലൈമാക്സുകളിൽ ഒന്നാണ് ആ സിനിമയുടേത് എന്നാണ് എന്റെ അഭിപ്രായം. പ്രണയസിനിമകളിലെ ദുരന്ത ക്ലൈമാക്സ് ക്ലിഷേകളുടെ ഒരു ബ്രെക്കിങ് ആയി കൂടി ഇതിനെ കാണാവുന്നതാണ്.

ഒരു out of the box ചിന്തയായാണ് ഞാൻ ഈ ക്ലൈമാക്സിനെ കാണുന്നത്. സാധാരണ ഒരു പ്രണയസിനിമ അവസാനിക്കുന്നത് ഒന്നുകിൽ അവരുടെ പ്രണയ സാഫല്യത്തിൽ, അല്ലെങ്കിൽ പ്രണയതകർച്ചയിൽ ആയിരിക്കും. ഇന്ത്യൻ context ലേക്ക് വരുമ്പോൾ പ്രണയത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൈകടത്തലുകൾ വളരെ അധികം ആയത്കൊണ്ട് തന്നെ രണ്ടുപേർ പ്രണയത്തിൽ ആയതിനു ശേഷമുള്ള പ്രധാന conflicts എല്ലാം വരുന്നത് ഇവരുടെ ഇടപെടലുകളിൽ നിന്നാവും. അന്യമതസ്ഥർ തമ്മിലുള്ള പ്രണയമാണ് വിഷയമെങ്കിൽ ഒന്നുകിൽ കുടുംബത്തിന്റെ എതിർപ്പ് കാരണം ആത്മഹത്യ, അല്ലെങ്കിൽ കുടുംബത്തെ ഉപേക്ഷിച്ച് ഒന്നിച്ചു ജീവിക്കുന്ന അവരുടെ ജീവിതം ദുരന്തമാവുന്നു എന്ന രീതിയിലൊക്കെയാവും സിനിമ അവസാനിപ്പിക്കുന്നത്. രണ്ടിൽ ഏതെങ്കിലും ഒരു കൂട്ടരെ demonize ചെയ്ത് കാണിക്കും. അവിടെയാണ് അനിയത്തിപ്രാവ് മാറി ചിന്തിക്കുന്നത്. ഒരു post credit സീൻ പോലെയാണ് അനിയതിപ്രാവ് ക്ലൈമാക്സ്.

സുധിയും മിനിയും സ്വയം പിരിയാൻ തീരുമാനിച്ചതോടെ ആ സിനിമ തീർന്നു എന്നു വിചാരിക്കുന്ന പ്രേക്ഷകന് മുന്നിലേക്കാണ് ഈ ക്ലൈമാക്സ് സീൻ വരുന്നത്. അവരുടെ ബന്ധം പിരിക്കാൻ വേണ്ടി ലഹളയുണ്ടാക്കുന്ന അവരുടെ വീട്ടുകാർക്ക് അവർ തിരിച്ചു വീട്ടിലേക്ക് എത്തുന്നതോടെ ഒറ്റയടിക്ക് അവരുടെ യുദ്ധം അവസാനിപ്പിക്കേണ്ടി വരുന്നു. വീട്ടുകാർ പറയുന്നവരെ കല്യാണം കഴിച്ചോളാം എന്ന് രണ്ടു പേരും പറയുന്നതോടെ സുധിയെക്കാൾ നല്ല ഒരാളെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം മിനിയുടെ വീട്ടുകാർക്കും മിനിയേക്കാളും നല്ല ആളെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സുധിയുടെ വീട്ടുകാർക്കും വരുന്നു. അങ്ങനെയാണ് മിനിയെ കാണണം എന്ന് സുധിയുടെ അമ്മ ആവശ്യപ്പെടുന്നത്.

മിനിയുടെ വീട്ടിലെ സീൻ കമ്പോസ് ചെയ്തിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. ഒരു വലിയ ഹാളിൽ ഒരുപാട് അടുത്തല്ല, എന്നാൽ ഒരുപാട് അകലെയും അല്ലാതെ എല്ലാവരെയും പ്ലെയിസ് ചെയ്തിരിക്കുന്നു. സുധിയും കൂട്ടുകാരും ഒന്നിച്ച് എല്ലാത്തിന്റെയും നടുക്ക് ഇരിക്കുന്നു, അവിടെയുള്ള മുതിർന്ന ആൾക്കാരായ സുധിയുടെ അച്ഛനും മിനിയുടെ ചേട്ടനും അടുത്തിരുന്ന് കുശലം പറയുന്നു. മിനിയുടെ അമ്മയും സുധിയുടെ അമ്മയും തമ്മിലും സംസാരിക്കുന്നു, അവിടിവിടെയായി നിൽക്കുന്ന മിനിയുടെ ബാക്കി ചേട്ടന്മാർ. ആ കുടുംബങ്ങൾ തമ്മിലുള്ള ഐസ് ബ്രേക്ക് ചെയ്യുകയാണ് അവിടെ. പക്ഷെ ഒരു wierd silence അവിടെ തളം കെട്ടി കിടക്കുന്നുണ്ട്. എല്ലാവരുടെ ഉള്ളിലും തങ്ങൾ കാണിച്ചുകൂട്ടിയ കാര്യങ്ങൾ ഓർത്ത് കുറ്റബോധമാണ്. കൂടെ തങ്ങൾക്ക് വേണ്ടി സ്വന്തം പ്രണയം പോലും ത്യജിച്ച് വന്നിരിക്കുന്ന സുധിയും മിനിയും.

അങ്ങനെ ആ വീർപ്പുമുട്ടലിൽ അധികം സംസാരിക്കാൻ പോലും ആവാതെ എല്ലാവരും ഇരിക്കുന്ന ആ സ്പെസിലേക്കാണ് മിനി ചായയുമായി വരുന്നത്. ഓരോരുത്തർക്കായി ചായ കൊടുത്ത് അവസാനം സുധിയുടെ അടുത്തെത്തുന്ന മിനിയിലേക്കാണ് അവിടെയുള്ള എല്ലാവരുടെയും ഫോക്കസ്. തങ്ങൾക്കായി പറിച്ചു മാറ്റപ്പെടേണ്ടി വന്ന രണ്ട് ഹൃദയങ്ങളെ അവർക്ക് ആദ്യമായി witness ചെയ്യേണ്ടി വരുന്നത് അപ്പോഴാണ്. ഹൃദയം തകർന്ന വേദന പുറത്തു കാണിക്കാതിരിക്കാൻ ബുദ്ധിമുട്ടുന്ന അവരെക്കണ്ട് തങ്ങൾ ചെയ്തത് എത്ര വലിയ തെറ്റാണെന്നുള്ളത് ആ വീട്ടിലെ എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

ഈ തിരിച്ചറിവുകൾക്ക് ശേഷവും അത് തമ്മിൽ പറയാനുള്ള ഒരു സ്‌പേസ് അവിടെ ആർക്കുമില്ല. അവിടെയാണ് കെപിഎസി ലളിത ‘എന്റെ മോളോടൊന്ന് മിണ്ടിയത് പോലുമില്ലല്ലോ’ എന്നു ചോദിക്കുന്നത്. ഡയലോഗുകളിലുള്ള ക്രിഞ്ച് വീണ്ടും വരുന്നുണ്ടെങ്കിലും മികച്ച അഭിനേതാക്കളെ വച്ച് ആ കുറവ് നികത്താൻ സംവിധായകന് ആവുന്നുണ്ട്. കൂടെ ഏറ്റവും പ്രധാനമായി ആ സീനിന്റെ എല്ലാ ഇമോഷൻസും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഔസേപ്പച്ചന്റെ സംഗീതവും. അവസാനം എല്ലാവരുടെയും ആഗ്രഹം പോലെ സുധിയെയും മിനിയെയും അവരുടെ വീട്ടുകാർ തന്നെ ഒന്നിച്ചു ചേർക്കുന്നു.

ഞാൻ ഈ സീൻ കാണുമ്പോൾ എപ്പോഴും ആലോചിക്കുന്നത് ഒരു പാരന്റ് ഈ സീനിനെ എങ്ങനെയാവും നോക്കിക്കാണുന്നത് എന്നാണ്. പ്രണയത്തെ മിക്കവാറും രക്ഷിതാക്കൾ എതിർക്കുന്നത് മക്കളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അത് മക്കൾ സ്വതന്ത്രമായി എടുക്കുന്ന തീരുമാനം ആയതുകൊണ്ടാണ്. അവർക്ക് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഇല്ല എന്നു കരുതുന്നതിനോടൊപ്പം അവർക്ക് വേണ്ടി തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആവും അവരുടെ ജീവിതത്തിന് ഏറ്റവും ബെസ്റ്റ് എന്ന് ഉറച്ചു വിശ്വസിക്കുന്നത്കൊണ്ടാണ്. കൂടെ അന്യമതസ്ഥർ കൂടി ആണെങ്കിൽ വിശ്വാസങ്ങൾക്ക് എതിരായുള്ള പ്രവർത്തിയായതുകൊണ്ട് അത് അംഗീകരിക്കാൻ അവർക്ക് സാധിക്കില്ല. കൂടെ മക്കളെ പോലെ തന്നെ രക്ഷിതാക്കൾക്കും ഒരു സംഭവം പെട്ടന്ന് കേൾക്കുമ്പോ എതിർക്കാനുള്ള tendancy ആവും കൂടുതൽ. പക്ഷെ സുധിയും മിനിയും അവരുടെ പ്രണയം sacrifice ചെയ്യുന്നതോട് കൂടി ഇതിനൊക്കെ അപ്പുറത്തേക്ക് തങ്ങളുടെ മക്കളുടെ സന്തോഷത്തിനെ കുറിച്ച് അവർ ചിന്തിക്കാൻ തുടങ്ങുന്നു. തങ്ങളുടെ സന്തോഷത്തിന് വേണ്ടി സ്വന്തം പ്രണയം ത്യജിച്ച അവർക്ക് തിരിച്ചു സന്തോഷം കൊടുക്കാൻ വേണ്ടി തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിലാണ് സുധിയും മിനിയുമായുള്ള ബന്ധത്തെ അവരെല്ലാം അംഗീകരിക്കുന്നത്.

ഒരു പ്രണയചിത്രം ആയിട്ട് പോലും കുടുംബപ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്ത സിനിമയാണ് അനിയത്തിപ്രാവ്. വളരെ peripheral ആയ സിനിമ ആണെങ്കിൽ കൂടിയും ഇത് കാണുന്ന ഒരു പാരന്റിനെ വൈകാരികമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു ക്ലൈമാക്സ് ആണ് ഇതിന്റേത്. അന്നത്തെ കാലത്ത് ഇത് സമൂഹത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്നെനിക്ക് അറിയില്ല. എങ്കിലും ഇന്നത്തെ കാലത്ത് പോലും പ്രസക്തമായ ക്ലൈമാക്സ് ആണ് ഇതെന്നാണ് എന്റെ അഭിപ്രായം. അനിയത്തിപ്രാവ് സിനിമ കാലാതിവർത്തി അല്ലെങ്കിലും അതിന്റെ ക്ലൈമാക്സ് ഉറപ്പായും കാലത്തെ അതിജീവിക്കാനുള്ള കണ്ടൻറ് ഉള്ളതാണ്.- അശ്വിൻ രവി.”

Leave a Reply