പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചു വരവ്;’കുറുക്കന്’, ചിത്രത്തില്‍ മകനൊപ്പം ശ്രീനിവാസനും
നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കന്. വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ശ്രീനിവാസന് സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ കുറുക്കന് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ശ്രീനിവാസന്. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയ സന്തോഷം നല്‍കുന്നതാണ്.
അതേസമയം, ‘കുറുക്കന്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ശ്രുതി ജയന്, സുധീര്‍ കരമന, മാളവികാ മേനോന്, അന്‍സിബാ ഹസ്സന്, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന് ബാലകൃഷ്ണന്, അസീസ് നെടുമങ്ങാട് നന്ദന്, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രഞ്ജന്‍ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. അബിന്‍ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്- ഷാജി പുല്‍പ്പള്ളി. ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
ശ്രീനിവാസന്റെ തിരിച്ചു വരവിനെ കുറിച്ച് മകനായ വിനീത് പറഞ്ഞതിങ്ങനെ…
‘ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയതു മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും. അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛനു വേണ്ട എറ്റവും നല്ല മെഡിസിന്. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതുപോലെ തിരിച്ചെത്തും.”വിനീത് ശ്രീനിവാസന് പറഞ്ഞു.