‘മിഷന് കൊങ്കാനായി പുതിയ ചില ഗെറ്റപ്പ് സ്കെച്ചുകള്‍ മോഹന്‍ലാലിനെ കാണിച്ചു’; ഷൂട്ടിംഗ് ജനുവരിയില്‍
മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രീ ബിസിനസ്സ് ചിത്രമാണ് ഒടിയന്. മാത്രമല്ല മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് ആദ്യദിന ജനത്തിരക്കും ഓളവും സൃഷ്ടിക്കാന്‍ ഒടിയന് സാധിച്ചു. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് ശേഷം സമ്മിശ്രമ പ്രതികരണം വന്നെങ്കിലും ബോക്സ്ഓഫീസില്‍ വമ്പന്‍ കളക്ഷനായിരുന്നു ആദ്യവാരം ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചത്. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് നേരത്തെ പ്രഖ്യാപിച്ച ചിത്രമായിരുന്നു മിഷന് കൊങ്കന്‍. ബറോസ് ചിത്രത്തിന്ശേഷമായിരിക്കും മിഷന് കൊങ്കന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നായിരുന്നു പ്രഖ്യാപനസമയം വന്ന റിപ്പോര്‍ട്ടുകള്‍.
ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായിരിക്കും ചിത്രമെന്നാണ് പ്രഖ്യാപന സമയത്ത് സംവിധായകന് സൂചിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സംവിധായകനും സംഘവും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളില്‍ ഏര്പ്പേടുവാന് തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലും നിര്‍മാതാക്കളും ഏറെ ആവേശത്തില്‍ ആണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ ലാലേട്ടന്റെ ചിത്രത്തിലെ ഗെറ്റപ്പ് സ്കെച്ചുകള്‍ കാണിച്ചിരുന്നുവെന്നും ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും ശ്രീകുമാര്‍ മേനോന് പറയപ്പെടുന്നു. മാപ്പിള ഖലാസികള്‍ എന്നറിയപ്പെടുന്ന മലബാറിലെ പണ്ടകശാല തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കി ചരിത്ര കാലഘട്ടത്തിലൂടെ ഒരുക്കുന്ന ചിത്രമായിരിക്കും മിഷന് കൊങ്കന്‍.
ചരിത്രം പറയുന്ന സിനിമ ആയതിനാല്‍ ഇതിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെന്നും, വമ്പന്‍ പദ്ധതികള്‍ ആയിട്ടാണ് സിനിമ ഒരുക്കുന്നതെന്നും, മോഹന്‍ലാലിന്റെ കരിയറില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വ്യത്യസ്ത വേഷമായിരിക്കും മിഷന് കൊങ്കനിലേതെന്നും ശ്രീകുമാര്‍ മേനോന് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന് കൊങ്കണ്‍. മലയാളത്തിലും ഹിന്ദിയും ചിത്രീകരിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായാണ് നേരത്തെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരുന്നത്.