‘ജോണര്‍ അറിഞ്ഞ് ആസ്വദിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ല സംസ്‌കാരം’; കുറിപ്പ് വൈറല്‍
1 min read

‘ജോണര്‍ അറിഞ്ഞ് ആസ്വദിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ല സംസ്‌കാരം’; കുറിപ്പ് വൈറല്‍

സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററില്‍ മുന്നേറുകയാണ്. സിനിമ പറയുന്ന പ്രമേയവും ഞെട്ടിക്കുന്ന ക്ലൈമാക്‌സുമാണ് മോണ്‍സ്റ്ററിന്റെ പ്രധാന പ്രത്യേകതയെന്ന് പ്രേക്ഷകര്‍ പറയുന്നു. കമേഴ്സ്യല്‍ മലയാളസിനിമാസംവിധായകര്‍ തൊടാന്‍ മടിച്ച ഒരു വിഷയത്തെ അതിന്റെ തീവ്രതയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് രണ്ടാംപകുതിയില്‍. മോണ്‍സ്റ്ററിന് മുന്നേ റിലീസ് ചെയത് മമ്മൂട്ടി ചിത്രം റോഷാക്കും ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റോഷാക്കിനും വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ്ഓഫീസില്‍ ഇതിനോടകം 25 കോടി ക്ലബ്ബില്‍ എത്തി. എന്നാല്‍ മമ്മൂട്ടി ചിത്രം ഇറങ്ങുമ്പോഴും മോഹന്‍ലാല്‍ ചിത്രം ഇറങ്ങുമ്പോഴും ചിത്രങ്ങളെ ഡിഗ്രേഡ് ചെയ്യാന്‍ കുറച്ച് ആളുകള്‍ ശ്രമിക്കാറുണ്ട്. നല്ല സിനിമ ആണെങ്കില്‍ പോലും മോശമാണെന്ന തരത്തിലുള്ള റിവ്യൂകള്‍ അവര്‍ പങ്കുവെക്കുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മമ്മൂക്ക ചിത്രമായതു കൊണ്ട് റോഷാക്കും, ലാലേട്ടന്‍ ചിത്രമായതു കൊണ്ട് മോണ്‍സ്റ്ററും തിയേറ്ററില്‍ കുടുംബസമേതം കണ്ട ഒരു സിനിമാസ്വാദകനാണ് ഞാനെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഈ രണ്ടിലും ഞാനും കുടുംബവും കൂടുതല്‍ ആസ്വദിച്ചത് മോണ്‍സ്റ്റര്‍ ആണ്. രണ്ടേകാല്‍ മണിക്കൂര്‍ ഒട്ടും ബോറടിക്കാതെ മോണ്‍സ്റ്റര്‍ കണ്ടിരിക്കാന്‍ ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്‍ വായിച്ച അവിശ്വസനീയമായ നെഗറ്റീവ് റിവ്യൂകള്‍ സഹായകമായിരിക്കാം.

പുലിമുരുകനും മധുരരാജയും ഒരുക്കിയ വൈശാഖിന്റെ മോണ്‍സ്റ്റര്‍ കാണാന്‍ പോയത് ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനിംഗ് ത്രില്ലര്‍ എന്ന പ്രതീക്ഷയിലാണ്. പ്രതീക്ഷിച്ചതിലും രസകരമായ ഒരു ത്രില്ലര്‍ സമ്മാനിച്ച വൈശാഖിന് നന്ദി. ലാലേട്ടനും, ലക്ഷ്മി മഞ്ചുവും, ഹണി റോസും ഗംഭീര പ്രകടനം കാഴ്ച വച്ചു. മമ്മൂക്കയുടേയും ലാലേട്ടന്റേയും സിനിമകള്‍ ഇറങ്ങുമ്പോള്‍ അവ പരാജയപ്പെടണമെന്ന പ്രാര്‍ത്ഥനയോടു കൂടി സിനിമയെ സമീപിക്കുന്നവര്‍ മലയാള സിനിമയുടെ മാത്രം ദൗര്‍ഭാഗ്യമാണ്. മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇത്തരമൊരു ദുരവസ്ഥയുണ്ടാകില്ല.

റിയലിസ്റ്റിക് സിനിമകള്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ റിയലിസ്റ്റിക് ചിത്രങ്ങളും, കൊമേഴ്‌സ്യല്‍ ചിത്രങ്ങളും ജോണര്‍ അറിഞ്ഞ് ആസ്വദിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ല സംസ്‌കാരം. ഈ അടുത്ത കാലത്തെങ്ങും മോണ്‍സ്റ്റര്‍ പോലെ അനാവശ്യമായ ഡീഗ്രേഡിംഗ് അതിജീവിക്കേണ്ടി വരുന്ന ഒരു സിനിമ ഉണ്ടായിട്ടില്ല. രണ്ടേകാല്‍ മണിക്കൂര്‍ ഒട്ടും ബോറടിക്കാതെ ആസ്വദിച്ച ഈ ത്രില്ലര്‍ എല്ലാ ഡീഗ്രേഡിംഗും അതിജീവിച്ച് മുന്നേറും എന്നുറപ്പാണ്