“മുൻജന്മ ബന്ധം” ; പശുക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കൃഷ്ണകുമാര്‍
വ്യക്തി സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം നൽകുന്ന നടനാണ് കൃഷ്ണകുമാർ. തന്റെ രാഷ്ട്രീയവും ചിന്തകളും എന്താണെന്ന് തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് കൃഷ്ണകുമാര്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ താരം പങ്കു വെച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പശുക്കളോടുള്ള തന്റെ സ്നേഹം വിവരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സമയം കിട്ടുമ്പോൾ പശുക്കളുടെ അടുത്ത് പോയി നിൽക്കാനും അവയുടെ കണ്ണുകളിലേക്ക് നോക്കാനുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്താൽ അന്ധത ബാധിക്കാത്ത നിങ്ങളുടെ മനസ്സ് നിറയും എന്നാണ് അദ്ദേഹം പറയുന്നത്.
കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നീ വൈകുന്നേരം നിങ്ങളോട് ഞാൻ സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചില കാര്യങ്ങൾ പറയാമെന്നു കരുതുന്നു എന്നും കാരണം ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും. പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എന്റെ ഗോക്കളോടുള്ള സ്നേഹം പെട്ടന്ന് തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ എന്റെ ആ ബന്ധം പൂർവാധികം ദൃഢമായിരിക്കുകയാണ് . രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ എന്റെ ഈ പോസ്റ്റിനെ ട്രോളിയേക്കാം, പക്ഷെ ഞാൻ ഒന്നുപറയാം. എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ നിങ്ങൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കണം . അവയുടെ കണ്ണുകളിലേക്കു നോക്കണം . അപ്പോൾ നിങ്ങളുടെ കണ്ണിൽ രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ നിമിഷങ്ങൾക്ക് മനസ് നിറയുന്നത് അനുഭവിക്കാനാകും.
ഞാനും നിങ്ങളും ഈ ലോകത്ത് ജനിച്ചു വീണു കഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും നമ്മുടെ അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമുക്ക് ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും തരുന്നത് ഈ മിണ്ടാപ്രാണികളാണ്. അതുകൊണ്ട് രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഗോകൾക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ മാനസികമായി ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച എന്റെ അച്ഛനമ്മമാർക്ക് നന്ദി. അത് കൂടാതെ നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് എനിക്ക് പരിഭവമൊന്നുമില്ല. കാരണം, അതാണ് നമ്മുടെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇതോടെ മനസ്സു നിറഞ്ഞു ഞാൻ നിർത്തുന്നു. നന്മയുടെ പാലാഴി എല്ലായിടത്തും പരന്നൊഴുകട്ടെ.