പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു
മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് സിനിമകൾക്ക് വലിയതോതിൽ വളം ഏകിയിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ചലച്ചിത്ര അഭിനയത്തിന് പുറമേ നിർമ്മാതാവ്, ടിവി അവതാരകൻ എന്നീ നിലകളിലും താരം പ്രശസ്തനാണ്. 2005ൽ മികച്ച ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ 2023ൽ സിദ്ദിഖിൻറേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് ‘എന്നാലും എൻറെ അളിയാ’. ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളുടെ ഭാഗമായി ഒരു ഓൺലൈൻ മീഡിയയിൽ എത്തിയപ്പോൾ സിദ്ദിഖ് മമ്മൂട്ടിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പോക്കിരിരാജ ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് താൻ നായകനായി മോഹൻലാൽ മതി മമ്മൂട്ടി വേണ്ട എന്ന ഒരു അഭിപ്രായം വെച്ചു എന്നും അതിൻറെ കാരണവുമാണ് സിദ്ദിഖ് വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
“പോക്കിരിരാജ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ മമ്മൂക്ക എൻറെ അടുത്ത് വന്നിട്ട് പറഞ്ഞു, ഇത് ഇപ്പോൾ രണ്ടു മൂന്ന് ചിത്രത്തിലായി നമ്മൾ പ്രേംനസീർ- ഉമ്മർ കളിക്കാൻ തുടങ്ങിയിട്ട്. ഇനി ഇത് മാറ്റണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ചിത്രത്തിന്റെ ചർച്ചകൾ നടക്കുമ്പോൾ തന്നെ ഇതിൻറെ അണിയറ പ്രവർത്തകരോട് ഞാൻ പറഞ്ഞതാണ് നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന്. പക്ഷേ അവർക്ക് ഒരേ നിർബന്ധം ഈ കഥാപാത്രം മമ്മൂക്ക ചെയ്താൽ മതിയെന്ന്. പിന്നെ ഞാൻ എന്ത് ചെയ്യാനാണ്?”. സിനിമയിലെ തൻറെ കഥാപാത്രത്തെ പറ്റിയും അഭിമുഖത്തിൽ സിദ്ദിഖ് മനസ്സ് തുറക്കുകയുണ്ടായി.
“ഞാൻ വില്ലൻ റോളുകളും കോമഡി കഥാപാത്രങ്ങളും ഒക്കെ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ചിലർ പറയും മറ്റു റോളുകൾ ഒന്നും ചെയ്യേണ്ട, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിനായകനായി തിളങ്ങുന്നത് കാണാനാണ് ഇഷ്ടമെന്ന്. എന്നാൽ ഒന്നോ രണ്ടോ ചിത്രങ്ങൾ അങ്ങനെ ചെയ്തു കഴിഞ്ഞാൽ ലാൽ ആണെങ്കിലും മമ്മൂക്ക ആണെങ്കിലും പറയുക ഇനി ഇതൊന്നു മാറ്റി പിടിക്കണം എന്നാണ്. ഒരേ കഥാപാത്രം തന്നെ തുടർച്ചയായി ചെയ്താൽ ഞാൻ എല്ലാത്തരം റോളുകളും ചെയ്യുന്ന ഒരാൾ ആണെന്ന് കാഴ്ചക്കാരന് തോന്നില്ലെന്നാണ് അവർ പറയുന്നത്. ഒരിക്കലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഞാനല്ല. സംവിധായകരും നിർമ്മാതാക്കളും എഴുത്തുകാരും ആണ് സിദ്ദിഖ് എന്ന നടനെ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു.