കുറുപ്പ് നേരിട്ട അവഗണനയെ കുറിച്ച് ഷൈൻ ടോം ചാക്കോ തുറന്നടിക്കുന്നു, ദുൽഖർ വാ തുറക്കണമെന്ന് ഷൈൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമായി എത്തിയ സിനിമയായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 37 വർഷമായി കേരള പോലീസിന് പിടികൊടുക്കാത്ത സുകുമാരക്കുറുപ്പിൻ്റെ കടങ്കഥ പോലെ തോന്നിപ്പിക്കുന്ന ജീവിതത്തിലേക്കുള്ള കടന്നുചെല്ലുകയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ്.
ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. സുകുമാരക്കുറുപ്പ് ആയി അവതരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് കെ എസ് അരവിന്ദും, ഡാനിയൽ സായൂജ് നായരും കൂടിയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമും സുലൈമാൻ കക്കോടനുമാണ്.
ചിത്രത്തിൽ ദുൽഖർ സൽമാന് പുറമേ, ശോഭിത ദുളിപല, ഷൈൻ ടോം ചാക്കോ, ടോവിനോ തോമസ്, മനോജ് ബാജ്പേയ്, അനുപമ പരമേശ്വരൻ, ഭരത്, ഇന്ദ്രജിത്ത് സുകുമാരൻ, സുരേഷ് ഒബ്രോയ്, സൈജു കുറിപ്പ്, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, മായാ മേനോൻ, പി ബാലചന്ദ്രൻ, ഹരീഷ് കണാരൻ, വിജയരാഘവൻ, എം ആർ ഗോപകുമാർ, സുധീഷ്, കുഞ്ചൻ അച്ഛൻ എന്നിവരടങ്ങിയ വലിയ താരനിര തന്നെയുണ്ട്. തീയേറ്ററുകളിലും ജനഹൃദയങ്ങളിലും ചിത്രം വൻ ഹിറ്റായെങ്കിലും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ ചിത്രത്തെ പൂർണമായും അവഗണിച്ചു. ഇപ്പോഴിതാ കുറുപ്പ് നേരിട്ട അവഗണനയെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മിണ്ടാതിരിക്കുന്ന ദുൽഖർ വാ തുറക്കണം എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
“എൻ്റെ പ്രിയ സുഹൃത്തായ ദുൽഖർ സൽമാൻ, ഈ ചിത്രം എൻറെ പൂർണ്ണ മനസ്സോടെയാണ് ഞാൻ ചെയ്തത്, തീയറ്ററുകളിൽ കാണുവാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. രതീഷിൻ്റെ രചനയിൽ അഹാനയും ദ്രുവനും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ക്ഷമിക്കണം, ഒരുകൂട്ടം ആളുകളുടെ കഠിനപ്രയത്നം അവഗണിക്കുന്നത് എത്രത്തോളം വേദനാജനകമാണെന്ന് നിനക്കറിയാം. അതിൻറെ ഉദാഹരണമാണ് കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നമ്മളുടെ കുറുപ്പ് അവഗണിക്കപ്പെട്ടത്. നിൻറെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു.”-ഷൈൻ ടോം ചാക്കോ കുറിച്ചു.ഷൈൻ ടോം ചാക്കോ യുടെ ഈ വാക്കുകൾക്ക് എന്താണ് ദുൽഖർ സൽമാൻ മറുപടി നൽകുക എന്ന് അറിയുവാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.