കളി പറഞ്ഞ് ഖൽബ് നിറച്ച് പാത്തു! പ്രേക്ഷകമനസ്സുകളിൽ ഗോളാരവം തീർത്ത് ‘ശേഷം മൈക്കിൽ ഫാത്തിമ

കളി എന്നു പറഞ്ഞാൽ നല്ല ഒന്നൊന്നര കളി. ഇടതുവിങ്ങിൽ നിന്നുള്ളൊരു അസാധ്യ ക്രോസ്, വലുതുവിങ്ങിൽ നിന്ന് അകത്തേക്ക് കുതിച്ചെത്തി ടൊർണാഡോ മുനീറിന്‍റെ ഒരന്യായ ഫിനിഷ്. ഗോൾ… ഗോൾ… മലപ്പുറത്തെ സെവൻസ് ഫുട്‍ബോൾ ആവേശം തിയേറ്ററുകളിൽ ഉണർത്തിക്കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഗോളാരവം തീർത്തിരിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ ഖൽബ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങള്‍ ചേർത്തുവെച്ചിട്ടുള്ളതാണ്. നവഗാതനായ മനു സി കുമാർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തികച്ചും ഒരു സ്പോർട്സ് സിനിമയുടെ ചേരുവകളുമായുള്ളൊരു ഫീൽഗുഡ്, ഇൻസ്പിരേഷനൽ ചിത്രമാണ്.

”എട്ടാം മാസം ഉമ്മാന്ന് വിളിച്ചപ്പോൾ തുറന്ന തൊള്ളയാ, പിന്നീടിതുവരെ പൂട്ടിയിട്ടില്ലെ”ന്നാണ് ഫാത്തിമ എന്ന പാത്തുവിനെ കുറിച്ച് ഉമ്മുമ പറയാറ്. നാട്ടിൽ അതിനാൽ തന്നെ അവള്‍ക്കൊരു പേരുണ്ട്, ചിലമ്പച്ചി. പാടത്തും പറമ്പിലുമൊക്കെ ആൺപിള്ളേര് ഫുട്ബോൾ കളിക്കുമ്പോള്‍ ഗോള്‍ കീപ്പറും ഒപ്പം കളിപറച്ചിലുകാരിയും കൂടിയാണവള്‍. ഫുട്‍ബോൾ ഉരുളുന്ന പോലുള്ളൊരഴകിൽ അവള്‍ കളി പറയും. എന്നും എപ്പോഴും എന്തെങ്കിലും മിണ്ടീം പറഞ്ഞിരുന്നില്ലേൽ പാത്തുവിന് വല്ലാത്തൊരേനക്കേടാണ്. വീട്ടിൽ ടി.വിയിൽ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടിരിക്കുമ്പോള്‍ അവള്‍ അതിന്‍റെ കമന്‍ററിയും സ്വയം പറയും. വലുതാകുമ്പോള്‍ അതൊക്കെ മാറുമെന്ന് ഉപ്പയും ഉമ്മയും കരുതിയെങ്കിലും വലുതായപ്പോള്‍ അത് കുറച്ച് കൂടിയെങ്കിലേ ഉള്ളൂ.

”കൂടുതലൊന്നുമില്ല ഒരു മൂന്ന് കിളി പറന്നുപോയിട്ടുണ്ടെ”ന്നാണ് പാത്തുവിന്‍റെ കൂട്ടുകാരികള്‍ അവളെ പറ്റി പറയണത്. വീട്ടിലും നാട്ടിലും പാത്തുവിന്‍റെ കലപില അങ്ങനെ പാട്ടാണ്. ഒരിക്കൽ നാട്ടിൽ സെവൻസിന് കമന്‍ററി പറയാൻ ആളില്ലാതായപ്പോൾ ഫുട്ബോൾ മൈതാനത്തിൽ തന്‍റെ വാക് ചാരുത കൊണ്ട് ആവേശം കൊള്ളിക്കാൻ പാത്തുവിന് ഇക്ക വഴി ഒരു അവസരം കിട്ടുന്നു. പാത്തുവിന്‍റെ ഖൽബിൽ ഒരു കമന്‍റേറ്ററാകണമെന്ന സ്വപ്നത്തിന്‍റെ കിക്കോഫ് അന്നായിരുന്നു. അവിടം മുതൽ ഐഎസ്എൽ കമന്‍റേറ്റർ എന്ന സ്വപ്നത്തിലേക്കുള്ള പാത്തുവിന്‍റെ യാത്രയാണ് ചിത്രം പറയുന്നത്.

 

ഫാത്തിമ നൂർജഹാൻ എന്ന പാത്തുവായി കല്യാണി പ്രിയദർശൻ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന പാത്തുവിന്‍റെ ഊർജ്ജവും പ്രസരിപ്പും കല്യാണി നന്നായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അന്യായ സ്ക്രീൻ പ്രസൻസിനാലും ചിത്രത്തെ മുഴുവനായി തോളിലേറ്റുന്നുണ്ട് താരം. വിദേശത്ത് പഠിച്ചിരുന്നയാളായതിനാൽ മലയാളം പോലും ശരിക്ക് വഴങ്ങാതിരുന്ന ഒരു കല്യാണിയുണ്ട്. അതിൽ നിന്നും സ്വന്തം പരിശ്രമത്താൽ മലപ്പുറം സ്ലാങ്ങിൽ പാത്തുവിന് സ്വന്തം ശബ്‍ദം തന്നെ നൽകിയും കല്യാണി ഞെട്ടിച്ചിട്ടുണ്ട്.

പാത്തുവിന്‍റെ വാപ്പയായെത്തിയ സുധീഷ് മികച്ച കാസ്റ്റിംഗാണ്. വൈകാരിക രംഗങ്ങളിലടക്കം മികവുറ്റ രീതിയിൽ അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. പാത്തുവിന്‍റെ സുഹൃത്തുക്കളായെത്തുന്ന ഫെമിനയും ഷഹീൻ സിദ്ധിഖും, ഇക്കയായെത്തിയ അനീഷ് ജി മേനോനും, പ്രതിനായക വേഷങ്ങളിലെത്തിയ സാബുമോനും ഷാജു ശ്രീധറും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. മാല പാർവതി, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ഷൈജു ദാമോദരൻ, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ ഒരുമിച്ചിട്ടുമുണ്ട്.

 

സെവൻസ് മത്സരങ്ങളുടെ ആവേശവും ആരവവും അഭ്രപാളിയിലും എത്തിക്കാൻ മനു സി കുമാറിന്‍റെ വ്യക്തവും കൃത്യവുമായ തിരക്കഥയ്ക്കും കൈയ്യടക്കമുള്ള സംവിധാനത്തിനും സാധിച്ചിട്ടുണ്ട്. ഇത് പാടില്ല, ഇങ്ങനെ നടക്കരുത്, ഇത് ഇടരുത്, ഇങ്ങനെ ചെയ്യരുത്, ഇങ്ങനെ സംസാരിക്കരുത്… അങ്ങനെ അങ്ങനെ ഒരു സ്ത്രീയ്ക്ക് സമൂഹം കൽപ്പിച്ചുവെച്ചിരിക്കുന്ന അരുതായ്മകള്‍ക്ക് നേരെ ശക്തമായി തന്‍റെ പൊളിറ്റിക്കൽ സ്റ്റേറ്റ്‍മെന്‍റ് പാത്തു എന്ന കഥാപാത്രത്തിലൂടെ മനു അവതരിപ്പിച്ചിട്ടുണ്ട്. സന്താന കൃഷ്ണൻ രവിചന്ദ്രൻ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും സിനിമയുടെ ടോട്ടൽ മൂഡിന് ചേർന്നതാണ്. ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയിരിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ കഥാഗതിയോട് ചേർന്നുതന്നെ നീങ്ങുന്നതായാണ് അനുഭവപ്പെട്ടത്. തീർച്ചയായും ഈ പാത്തു കുടുംബങ്ങളുടേയും യൂത്തിന്‍റേയും ഖൽബിൽ ഒരു മഴവിൽ കിക്ക് പോലെ വന്ന് പതിയുമെന്ന് ഉറപ്പാണ്.

Related Posts