‘സുരേഷ് ഗോപിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കുറച്ചു കഷ്ടപ്പെട്ടു’ ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു
ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘പാപ്പൻ’. ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളോടെയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. സുരേഷ് ഗോപിയുടെ ഈ വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ആശാ ശരത്, നിതാ പിള്ള, ഷമ്മി തിലകൻ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയ താരനിരയാണ് ഈ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്ത ഷമ്മി തിലകന്റെ അഭിനയത്തെ എടുത്തു പറയേണ്ട ഒന്നാണ്. വളരെ മനോഹരമായാണ് ‘ഇരുട്ടന്‍ ചാക്കോ’ എന്ന കഥാപാത്രം ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ അഭിനയരംഗങ്ങളെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ സ്വീകരിച്ച ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തിന്റെ എല്ലാ ക്രെഡിറ്റും ജോഷിക്കും സുരേഷ് ഗോപിക്കുമാണ്. ‘പല ചിത്രങ്ങളിലും ജോഷിയേട്ടൻ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ സംവിധാന സഹായിയായി ചില ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. ഇദ്ദേഹം ഏറ്റവും അടുത്തറിഞ്ഞ ഒരു സംവിധായകനാണ് ജോഷി. ഈ ചിത്രത്തിൽ അഭിനയിക്കാൻ ജോഷി ഷമ്മി തിലകനെ നേരിട്ടാണ് വിളിച്ചത്. അപ്പോൾ തന്നെ ആ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ഇദ്ദേഹമെന്ന് അഭിമുഖത്തിൽ പറയുന്നു.
സുരേഷ് ഗോപി എന്ന ആക്ഷൻ കിംഗിന്റെ തകർപ്പൻ തിരിച്ചുവരവിലെ വലിയ മാറ്റത്തെ നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിൽ ഷമ്മി തിലകനും സുരേഷ് ഗോപിയും ഒന്നിച്ച് പഴയകാലത്തെ കുറിച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ സുരേഷ് ഗോപി ഇദ്ദേഹത്തിന്റെ കണ്ണിൽ നോക്കി അഭിനയിച്ചപ്പോൾ ആ കണ്ണുകളിലെ അഭിനയം പോലും ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. സുരേഷ് ഗോപി എന്ന മഹാ നടനു മുൻപിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ട രംഗമായിരുന്നു അതെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും ഷമ്മി തിലകൻ വ്യക്തമാക്കുന്നു. ഒരു വലിയ അനുഭവമാണ് പാപ്പൻ സിനിമ ഇദ്ദേഹത്തിന് സമ്മാനിച്ചത്. നല്ലതു കൊടുത്താൽ ജനങ്ങൾ സ്വീകരിക്കും എന്നതിനുള്ള തെളിവാണ് ഈ ചിത്രമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.