‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു
1 min read

‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു

ലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് ഗോപി ഒരു സൂപ്പര്‍സ്റ്റാര്‍ ആവുമെന്ന് താന്‍ പ്രവചിച്ചിരുന്നുവെന്നാണ് ഷാജികൈലാസ് പറയുന്നത്.

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ ആദ്യമായി സുരേഷ് ഗോപിയെ കാണുന്നത്. രാജീവ് അഞ്ചലായിരുന്നു ചിത്രത്തിന്റെ കലാസംവിധായകന്‍. അദ്ദേഹം വിളിച്ചിട്ടായിരുന്നു ഞാന്‍ അന്ന് ലൊക്കേഷനില്‍ പോയത്. ക്ലൈമാക്സ് രംഗമാണ് ചിത്രീകരിക്കുന്നത്. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിന് സമീപത്തുള്ള പാര്‍ക്കിലായിരുന്നു ചിത്രീകരണം. അവിടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലീസ് വേഷമണിഞ്ഞ് ഒരു സ്റ്റൈലന്‍ ചെറുപ്പക്കാരന്‍ വരുന്നു. അത് സുരേഷ് ഗോപിയായിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാത്തൊരു ആകര്‍ഷണം തോന്നിയെന്നും ഷാജി കൈലാസ് പറയുന്നു.

തിരിച്ചുപോകുമ്പോള്‍ ഞാന്‍ രാജീവിനോട് ഒരു കാര്യം പറഞ്ഞു. സുരേഷ് ഗോപി നാളത്തെ ഒരു സൂപ്പര്‍സ്റ്റാറായി മാറും. അങ്ങനെ തോന്നാനുള്ള കാരണം രാജീവ് തിരക്കി. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്താനുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞു. ന്യൂസ് സിനിമ ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ എന്റെ മനസിലേക്ക് നടനായി സുരേഷ് ഗോപി മാത്രമായിരുന്നു വന്നത്. സുരേഷിനോട് കഥ പറയാന്‍ ഞാനും ജഗദീഷും കൂടിയാണ് പോയത്. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമാവുകയും ആ സിനിമ ചെയ്തു വിജയിക്കുകയും ചെയ്തുവെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.

പുതിയ സിനിമയായ പാപ്പന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നിലവില്‍ സുരേഷ് ഗോപി. ജൂലൈ 29 ന് സിനിമ തീയേറ്ററിലെത്തും. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് പാപ്പന്‍. നൈല ഉഷ, നിത പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.