
ശേഷം മൈക്കിൽ ഫാത്തിമയ്ക്ക് നെറ്റ്ഫ്ലിക്സിൽ വൻ നേട്ടം; ടോപ് ടെൻ ഇന്ത്യയിൽ ഇടം നേടി ചിത്രം
മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെൻററുകൾ കുറവാണ് മലയാള സിനിമയ്ക്ക്. അതുകൊണ്ട് ഒടിടിയുടെ വരവ് മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് നൽകിയത്. കോവിഡ് കാലത്ത് ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്.
ഇപ്പോഴിതാ ആ നിരയിൽ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഡിസംബർ 15 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനം ആരംഭിച്ചത്. നവംബർ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റർ തിയറ്റർ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്.
നെറ്റ്ഫ്ലിക്സിൻറെ ടോപ്പ് 10 ഇൻ ഇന്ത്യ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ശേഷം മൈക്കിൽ ഫാത്തിമ. മലപ്പുറത്തിൻറെ ഫുട്ബോൾ ആവേശം കടന്നുവരുന്ന ചിത്രത്തിൽ ഫാത്തിമയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കൽ നാട്ടിലെ സെവൻസ് മത്സരത്തിന് കമൻററി പറയാനുള്ള അവസരം ലഭിക്കുകയാണ്.
അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോൾ കമൻറേറ്റർ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാനാവും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.