‘മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ ഉണ്ടാകും’; അഭ്യൂഹങ്ങള്‍ ശരിവച്ച് ശ്യാം പുഷ്കരന്
മലയാള ചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. ദിലീഷ് നായരുമായി ചേര്‍ന്ന് രചന നിര്‍വ്വഹിച്ച് 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ഇപ്പോഴിതാ, സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്. അധികം വൈകാതെ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല.
മോഹന്‍ലാലിനൊപ്പം ശ്യാം പുഷ്കരന് സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് വെറും പ്രചരണം മാത്രമല്ല മോഹന്‍ലാലിനൊപ്പമുള്ള സിനിമ അധികം വൈകാതെ ഉണ്ടാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്യാം പുഷ്കരന്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങിയ ‘തങ്കം’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളില്‍ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന് കൊച്ചു പ്രേമന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്കരന് പറഞ്ഞു.