“രാഷ്ട്രീയത്തിൽ ഇറങ്ങാൻ ‘നല്ല’ കുടുംബത്തിൽ ജനിക്കണമത്രേ! അതേത് കുടുംബമാണ്?”: സത്യൻ അന്തിക്കാടിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കുറിപ്പ്
1 min read

“രാഷ്ട്രീയത്തിൽ ഇറങ്ങാൻ ‘നല്ല’ കുടുംബത്തിൽ ജനിക്കണമത്രേ! അതേത് കുടുംബമാണ്?”: സത്യൻ അന്തിക്കാടിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കുറിപ്പ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. നിരവധി ജീവിതഗന്ധിയായ കഥകളിലൂടെ മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം അമ്പതിലധികം മികച്ച സിനിമകൾ സംവിധാനം ചെയ്യുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. അത്തരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ശ്രീനിവാസൻ, തിലകൻ എന്നിവർ തകർത്തഭിനയിച്ച സിനിമയാണ് സന്ദേശം. 1992ലാണ് സിനിമ പുറത്തിറങ്ങുന്നത്.

അന്ധമായ രാഷ്ട്രീയം ഒരു വ്യക്തിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഹാസ്യരൂപേണ അവതരിപ്പിച്ച സിനിമയായിരുന്നു സന്ദേശം. എന്നാൽ അതൊരു അരാഷ്ട്രീയ സിനിമ അല്ലെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സത്യൻ അന്തിക്കാടിന്റെ വാക്കുകളെ രൂക്ഷമായി വിമർശിക്കുകയാണ് രോഹിത് കെ പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഹിത് വിമർശനം നടത്തിയിരിക്കുന്നത്. തികച്ചും പിന്തിരിപ്പനും അരാഷ്ട്രീയവുമായ ഒരു പ്രസ്താവനയാണ് സത്യൻ അന്തിക്കാട് പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

സന്ദേശം എന്ന സിനിമ അരാഷ്ട്രീയ സിനിമ അല്ലെന്ന് പറയുമ്പോഴാണ് സിനിമയിലുള്ളതിനേക്കാൾ വലിയ അരാഷ്ട്രീയതയാവുന്നത് എന്നും പോസ്റ്റിൽ പറയുന്നു. മാത്രമല്ല സത്യൻ അന്തിക്കാടിൻ്റെ അഭിപ്രായത്തിൽ നല്ല കുടുംബത്തിൽ പിറന്ന കുട്ടികളൊക്കെ സമരമൊന്നും ചെയ്യാതെ പഠിച്ച് ഡോക്ടറോ ഐ എ എസൊ ആകുമെന്നും, നല്ല കുടുംബത്തിൽ അല്ലാത്ത കുട്ടികൾ സമരം ചെയ്യുമെന്നുമാണ് പറഞ്ഞു വച്ചതെന്നും പറയുന്നു. നല്ല കുടുംബത്തിൽ പിറന്ന കുട്ടികൾ സ്‌കൂളിൽ എന്ത് അനീതി ഉണ്ടായാലും തന്റെ സഹജീവികൾക്ക് വേണ്ടി ശബ്ദമുയർത്താതെ പ്രതികരിക്കാതെ ചുറ്റും നടക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാകതെ ഇരുന്ന് പഠിക്കണമെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞതെന്നും പറയുന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഒരുപാട് യുവാക്കൾ തെരുവിലിറങ്ങി സമരം ചെയ്തിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ ഈ വാക്കുകൾ അവർ കേട്ടിരുന്നെങ്കിൽ ബ്രിട്ടീഷുകാരുടെ അടിമകളായി ഒരുപാട് ഐ എ എസുകാരെ നമുക്ക് ലഭിച്ചേനെയെന്നും വിമർശിച്ചുകൊണ്ട് പറയുന്നു. മാത്രമല്ല, രാഷ്ട്രീയമെന്നാൽ ബസ്സിന് കല്ലെറിയുന്നത് മാത്രമാണെന്നാണ് സത്യൻ അന്തിക്കാട് വിചാരിച്ചിരിക്കുന്നത് തോന്നുന്നു എന്നും പറയുന്നുണ്ട്. ജനങ്ങൾക്കിടയിൽ നിന്ന് ഒരു മന്ത്രി ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടാണെന്നും അല്ലാതെ ബസ്സിന് കല്ലെറിഞ്ഞതിന്റെ മഹിമ നോക്കിയിട്ടല്ലെന്നും കൊച്ചു കുട്ടികൾക്ക് പോലും ഇന്നറിയാം.

എന്നിട്ടും സത്യൻ അന്തിക്കാടിനെ പോലുള്ള വ്യക്തി ഇത്തരത്തിൽ അപക്വമായ പ്രസ്ഥാവനകൾ നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. നല്ല വായനയും അവകാശ ബോധവുമുള്ള ബാലജന കൂട്ടായ്മകളിൽ നിന്ന് മുതൽ പൊതു പ്രവർത്തനം ആരംഭിക്കുന്ന നിരവധി യുവാക്കൾ നമുക്കു ചുറ്റും ഉണ്ടെന്നും അവർക്കെതിരെ ഇത്തരത്തിലുള്ള അരാഷ്ട്രീയതയുടെ കല്ലുകൾ ഇറഞ്ഞാൽ ഫലം ഉണ്ടാകില്ലെന്ന് സത്യൻ അന്തിക്കാട് മനസ്സിലാക്കണമെന്നും രോഹിത് തൻ്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.