”സസ്‌പെന്‍സെല്ലാം ഉഗ്രനാണ്… മോഹന്‍ലാലും സ്ത്രീയുമായെല്ലാം ഫൈറ്റുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”; സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ
1 min read

”സസ്‌പെന്‍സെല്ലാം ഉഗ്രനാണ്… മോഹന്‍ലാലും സ്ത്രീയുമായെല്ലാം ഫൈറ്റുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”; സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ

നീണ്ട കാത്തിരിപ്പുകള്‍ കൊടുക്കുകയും മോഹന്‍ലാല്‍ വൈശാഖ് ചിത്രമായ മോണ്‍സ്റ്റര്‍ ഇന്ന് ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. രാവിലെ 9 30 മുതല്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു ആരാധകരും പ്രേക്ഷകരും വെച്ചു പുലര്‍ത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് ആറാടിയ സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ ആണ് വൈറലാവുന്നത്.

മോണ്‍സ്റ്ററിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു ആവറേജ് മൂവിയാണെന്നും ചുമ്മാ കണ്ടിരിക്കാമെന്നും സന്തോഷ് പറയുന്നു. ‘ഫസ്റ്റ് ഹാഫ് മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടമാവും. കാരണം പഴയ മോഹന്‍ലാലിനെ ഇഷ്ടമുള്ളവര്‍ക്ക്. ചിലര്‍ക്ക് അത് ലാഗായി തോന്നുന്നുണ്ട്. സസ്‌പെന്‍സെല്ലാം ഉഗ്രനാണ്. ചിത്രത്തില്‍ മോഹന്‍ലാലും ഒരു സ്ത്രീയുമായുമെല്ലാം ഫൈറ്റുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ടോപിക്ക് ഡിസ്‌കസ് ചെയ്യുന്നത്. ദൃശ്യം ലെവലിലൊന്നും മോണ്‍സ്റ്റര്‍ വരില്ല. ഫസ്റ്റ് ഹാഫില്‍ കോമഡിയാണ്. ഘൂം ഘൂം ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സിനിമ എക്‌സ്ട്രാ ഓര്‍ഡിനറി സിനിമയെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ കണ്ടിരിക്കാമെന്നും’ സന്തോഷ് വര്‍ക്കി വ്യക്തമാക്കുന്നു.

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.