പ്രേക്ഷകരുടെ കയ്യടി നേടി ഹണി റോസ് ; മോണ്‍സ്റ്ററിന് എങ്ങും മികച്ച പ്രതികരണം
1 min read

പ്രേക്ഷകരുടെ കയ്യടി നേടി ഹണി റോസ് ; മോണ്‍സ്റ്ററിന് എങ്ങും മികച്ച പ്രതികരണം

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരും പ്രേക്ഷകരും പങ്കുവെക്കുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പൊളിയാണെന്നുമെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണി റോസിന്റെ അഭിനയത്തേയും പ്രേക്ഷകര്‍ എടുത്ത് പറയുന്നുണ്ട്. ഹണി റോസിന്റെ അഭിനയത്തിന് വന്‍ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹണി റോസിന് മോഹന്‍ലാലിനേക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെന്നും വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മോണ്‍സ്റ്റര്‍ റിലീസിന് മുന്നേ ഹണി റോസ് സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു.’എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായി സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോണ്‍സ്റ്ററിലെ ബാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. ലാല്‍ സാറിന്റെ കൂടെ ഇത്രയും സ്‌ക്രീന്‍ സ്‌പേയ്‌സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്’ എന്നായിരുന്നു താരം പറഞ്ഞത്.

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.