‘ഒന്നുകില്‍ അഭിനയം നിര്‍ത്തണം അല്ലെങ്കില്‍ രാജിവെച്ചു പോകണം”: മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്
1 min read

‘ഒന്നുകില്‍ അഭിനയം നിര്‍ത്തണം അല്ലെങ്കില്‍ രാജിവെച്ചു പോകണം”: മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ അതുല്യ പ്രതിഭകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ നിന്ന് താരരാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും രാജി വെക്കണമെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ലാല്‍ നായകനായ ബംഗ്ലാവില്‍ ഔത എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങളില്‍ പിആര്‍ഒ ആയും സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂട്യൂബില്‍ തന്റെ സിനിമ കഥകള്‍ പറയുന്ന ഒരു ചാനലും അദ്ദേഹത്തിനുണ്ട്. കൂടാതെ ജീവിതം ഒരു രാഗം, വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി, നിപ്പ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

കടുത്ത ഭാഷയിലാണ് അദ്ദേഹം മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ രംഗത്തു വന്നിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രതികരണം. ഇവര്‍ അഭിനയം നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും എതിരെയും ശാന്തിവിള ദിനേശ് രംഗത്തെത്തി. ഇവര്‍ രണ്ടു പേരും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ വിറ്റ് എടുക്കുകയാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. അവര്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എല്ലാ തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റ് കോടികള്‍ ഉണ്ടാക്കാനാണ് പലരും നോക്കുന്നതെന്നും ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞു. ഏതായാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശാന്തിവിള ദിനേശ് പറഞ്ഞതിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായം ഉയര്‍ന്നു.

ഇതിനു മുമ്പും സിനിമയിലെ പലര്‍ക്കുമെതിരെ ശാന്തിവിള ദിനേശ് ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന പരാതിയാണ് അറസ്റ്റു ചെയ്തത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.